Posted By Editor Editor Posted On

ഗതാഗതകുരുക്കിന് ആശ്വാസം; കുവൈത്തിലെ ഈ സ്ട്രീറ്റ് പൂർണമായും തുറന്നു

കുവൈത്തിൽ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഫിഫ്ത് റിങ് റോഡിൽ നിന്ന് സൗത്ത് സുറ ഏരിയയിലേക്കുള്ള ഡമാസ്‌കസ് സ്ട്രീറ്റ് ഗതാഗതത്തിനായി നാളെ (തിങ്കൾ, ഒക്ടോബർ 20) അർദ്ധരാത്രി 12 മുതൽ തുറക്കുന്നതായി ജനറൽ അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ടേഷൻ (GARLT) അറിയിച്ചു. GARLTയും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും തമ്മിലുള്ള ഏകോപനത്തിലാണ് പുതിയ ഗതാഗത മാർഗം ആരംഭിക്കുന്നത്. അൽ-സഹ്‌റ ഏരിയയിലെ ഇബ്രാഹിം അൽ-മുസൈൻ സ്ട്രീറ്റ് വരെ റോഡ് തുറക്കുന്നതോടെ, അബ്ദുള്ള അൽ-ഹുസൈദി സ്ട്രീറ്റും അലി അൽ-അസൂസി സ്ട്രീറ്റും ഉൾപ്പെടെ ഡമാസ്‌കസ് സ്ട്രീറ്റിലുടനീളം പൂർണ്ണ ഗതാഗത സൗകര്യം നിലവിൽ വരും.

ഫിഫ്ത് റിങ് റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്കു ഇനി ഡമാസ്‌കസ് സ്ട്രീറ്റിലേക്ക് നേരിട്ട് പ്രവേശിക്കാം, അതുപോലെ ഡമാസ്‌കസ് സ്ട്രീറ്റിൽ നിന്ന് ഫിഫ്ത് റിങ് റോഡ് വഴി സാൽമിയ ഭാഗത്തേക്കും യാത്ര ചെയ്യാനാകും. ഫിഫ്ത് റിങ് റോഡിന്റെ എതിർവശത്തുള്ള സുറ എക്സിറ്റ് വഴിയും സൗത്ത് സുറയിലേക്ക് ഡമാസ്‌കസ് സ്ട്രീറ്റിലൂടെ യാത്ര ചെയ്യാം. പുതിയ ഗതാഗത സംവിധാനം പ്രാബല്യത്തിൽ വന്നതോടെ, പ്രദേശത്തെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുമെന്ന് അധികൃതർ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; കുടുക്കിലായവരിൽ മലയാളികളടക്കം നൂറുകണക്കിന് പേർ, കേസ് കൊടുത്താൽ പേടിയില്ല’, മലയാളി ഡോക്ടർ ദമ്പതികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ

ദുബായിൽ പ്രവർത്തിച്ചിരുന്ന ലിനാക് മൈഗ്രേഷൻ കൺസൾട്ടൻസി സ്ഥാപനം നടത്തിയ വൻതട്ടിപ്പിൽ മലയാളികളടക്കം നൂറുകണക്കിന് പ്രവാസികൾ ഇരയായി. രണ്ടര ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെ നഷ്ടപ്പെട്ട 30 പേർ ഇതിനകം ഷാർജ പൊലീസിന് ഓൺലൈനായി പരാതി നൽകിയിട്ടുണ്ട്. ഇതിൽ അഞ്ജുവും ജോമോളും യുഎഇയിൽ നേരിട്ടെത്തി പരാതി സമർപ്പിച്ചു. അഡ്വ. പ്രീത ശ്രീറാം മാധവിന്റെ നിയമസഹായത്തോടെയാണ് ഇരകൾ പൊലീസിനെ സമീപിച്ചത്.

യൂറോപ്പിലേക്കുള്ള തൊഴിൽവാഗ്ദാനത്തിൽ കോടികളുടെ തട്ടിപ്പ്
പോളണ്ട്, ചെക് റിപ്പബ്ലിക്, കാനഡ, യുകെ, അമേരിക്ക, ന്യൂസീലൻഡ്, സ്വിറ്റ്സർലൻഡ്, ജർമനി തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് ജോലിക്ക് അയക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്ഥാപനം ഓരോരുത്തരിൽ നിന്ന് 10,000 മുതൽ 25,000 ദിർഹം വരെ പിരിച്ചെടുത്തു. എന്നാൽ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാതെ പ്രതികൾ പണം തട്ടിയെടുത്തതായാണ് പരാതി. ആന്ധ്ര സ്വദേശികളായ അച്ഛനും മകളും, തിരുവനന്തപുരം സ്വദേശികളായ രണ്ടു സഹോദരന്മാരുമാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാർ.

വ്യാജ വർക്ക് പെർമിറ്റ്, ഭീഷണിയും തട്ടിപ്പും
ഇടുക്കി സ്വദേശി അബിൻ ബേബി ഉൾപ്പെടെ നിരവധി ഇരകൾക്ക് വ്യാജ വർക്ക് പെർമിറ്റുകളാണ് ലഭിച്ചത്. ചോദ്യം ചെയ്തപ്പോൾ കമ്പനി അധികൃതർ തന്നെ ഭീഷണിപ്പെടുത്തിയെന്നും “കേസ് കൊടുത്താൽ പേടിയില്ല” എന്ന വെല്ലുവിളിയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. തിരുവനന്തപുരം സ്വദേശികളായ സഹോദരന്മാർക്ക് മുൻപ് “മൈഗ്രേഷൻ ബ്യൂറോ സർവീസ്” എന്ന പേരിൽ 200 പേരെ കബളിപ്പിച്ച് 2 കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും തുടർന്ന് “ലിനാക് മൈഗ്രേഷൻ സർവീസ്” വഴി മറ്റൊരു 2 കോടി രൂപയും സമാഹരിച്ചതായും ആരോപണമുണ്ട്.

സിംഗപ്പൂരിലേക്ക് അയച്ച് വഞ്ചന മറച്ചുവെക്കൽ
തട്ടിപ്പിൽ പെട്ടവരിൽ ചിലരെ സിംഗപ്പൂരിലേക്ക് അയച്ച് മറ്റു ഇരകളെ വിശ്വസിപ്പിക്കാനാണ് ശ്രമം നടത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അവിടെ ജോലിയും താമസസൗകര്യവും ഒന്നും ലഭിക്കാതെ ദുരിതത്തിലായവർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.

മുൻ ജീവനക്കാരെ അപമാനിച്ചും കുറ്റപ്പെടുത്തിയും തട്ടിപ്പുകാർ രക്ഷപ്പെടാൻ ശ്രമിച്ചു
സ്ഥാപനത്തിലെ മുൻ ജീവനക്കാരായ സൗമ്യ, വിശാഖ്, ജെസീന എന്നിവർ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കപ്പെടുകയും വ്യാജപ്രചാരണം നേരിടുകയും ചെയ്തതായി ആരോപിച്ചു. പണം കമ്പനിയുടെ അക്കൗണ്ടിലൂടെയാണ് സ്വീകരിച്ചിരുന്നത് എന്നതിന്റെ തെളിവുകളുണ്ടെന്നും, എങ്കിലും തട്ടിപ്പുകാർ ഇവർക്കെതിരെ കള്ളപ്രചാരണം നടത്തുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.

പോലീസ് അന്വേഷണം ശക്തമാക്കി
തട്ടിപ്പിൽപ്പെട്ടവരുടെ പരാതികൾ ഷാർജയും ദുബായ് പോലീസും ചേർന്ന് അന്വേഷിക്കുന്നു. നിരവധി ഇരകളുടെ മൊഴികളും സാമൂഹ്യ മാധ്യമ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന്, കുറ്റക്കാരെ ഉടൻ പിടികൂടാനാണ് ശ്രമമെന്നും അധികൃതർ അറിയിച്ചു. ഈ കേസിൽ പ്രതികളായ മലയാളികളടക്കം ദുബായിലെ ലിനാക് മൈഗ്രേഷൻ കൺസൾട്ടൻസി നടത്തിയ വഞ്ചന യുഎഇയിലും കേരളത്തിലും വ്യാപകമായ ആകുലത സൃഷ്ടിച്ചിരിക്കുകയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

40 വര്‍ഷത്തെ പ്രവാസജീവിതം; കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി മലയാളി നഴ്സ്

നാലു പതിറ്റാണ്ടുകളുടെ സമർപ്പിത സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഫർവാനിയ ആശുപത്രിയിലെ ലേബർ റൂം സ്റ്റാഫ് നഴ്‌സ് മോളി തോമസിനും, 25 വർഷത്തെ സേവനം പൂർത്തിയാക്കിയ സഹപ്രവർത്തകയായ ഇന്തോനേഷ്യൻ നഴ്‌സ് ഫ്രിഡ ലെനയ്ക്കും സഹപ്രവർത്തകർ ഹൃദയസ്പർശിയായ യാത്രയയപ്പ് നൽകി. ഫർവാനിയയിൽ വെച്ച് നടന്ന യാത്രയയപ്പ് ചടങ്ങ് സഹപ്രവർത്തകരുടെ സ്നേഹസംഗമമായി. ലേബർ റൂം ഇൻചാർജ് ക്ലോഡാറ്റ് ബൈലോൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേരിക്കുട്ടി മാത്യു, സന്ധ്യ സജി, ജോളി ഊമ്മൻ, രോഷ്നി ആൻ, റെനി മറിയം കോശി, മൽക്ക പ്രവീൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ദീർഘകാലമായി ലേബർ റൂം ടീമിനെ സ്നേഹത്തോടും സമർപ്പണത്തോടും മികച്ച നേതൃത്വത്തോടും നയിച്ച വ്യക്തിത്വമാണ് സിസ്റ്റർ മോളിയുടേതെന്ന് സഹപ്രവർത്തകർ അഭിപ്രായപ്പെട്ടു. സഹപ്രവർത്തകരോടും രോഗികളോടും ഒരുപോലെ കരുതലും സ്നേഹവും കാട്ടിയ അവർ എല്ലാവർക്കും പ്രചോദനമായിരുന്നുവെന്നും അവർ പറഞ്ഞു. സഹപ്രവർത്തകരും സുഹൃത്തുക്കളും സ്നേഹത്തോടെ മോളി മാമ എന്ന് വിളിക്കുന്ന സിസ്റ്റർ മോളി കോട്ടയം ചങ്ങനാശ്ശേരി അരിക്യാതിൽ കുടുംബാംഗമാണ്. പരേതനായ തോമസ് ആൻ്റണിയുടെ ഭാര്യയാണ്. ആൽവിൻ-ഗീതു (ന്യൂസിലാൻഡ്), അല്ലെൻസി-വിനിഷ (കാനഡ) എന്നിവർ മക്കളാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *