ഷാർജയിൽ അമ്മ വിപഞ്ചിക(33)യോടൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വൈഭവി(ഒന്നര വയസ്സ്)യുടെ മൃതദേഹം ഇന്ന് വൈകിട്ട് 4 ന് (ഇന്ത്യൻ സമയം 5.30) ദുബായ് ജബൽ അലിയിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അതേസമയം, വിപഞ്ചികയുടെ മൃതദേഹം ഇതുവരെ വിട്ടുകിട്ടിയിട്ടില്ല. ഷാർജ ഫോറൻസിക് വിഭാഗത്തിലായുരുന്നു രണ്ട് മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുള്ളത്.മൃതദേഹം ഏറ്റുവാങ്ങാനായി നാട്ടിൽ നിന്ന് വിപഞ്ചികയുടെ മാതാവ് ഷൈലജയും കാനഡയിൽ നിന്ന് സഹോദരൻ വിനോദും ഷാർജയിലെത്തിയിരുന്നു. വൈഭവിയുടെ മൃതദേഹവും നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിക്കണമെന്നായിരുന്നു ഷൈലജയുടെ ആഗ്രഹം. എന്നാൽ, തനിക്ക് യാത്രാ വിലക്കുള്ളതിനാൽ നാട്ടിലേക്ക് പോകാനാവില്ലെന്നും അതുകൊണ്ട് യുഎഇയിൽ തന്നെ സംസ്കരിക്കണമെന്നും പിതാവ് നിതീഷ് വാശിപിടിച്ചു.
തുടർന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുമായി വിപഞ്ചികയുടെയും ഭർത്താവ് നിതീഷ് മോഹന്റെയും ബന്ധുക്കൾ ചർച്ച നടത്തിയിരുന്നു. ഇതിലും തീരുമാനം നിതീഷിന് അനുകൂലമായി മാറുകയായിരുന്നു. കഴിഞ്ഞ ദിവസം ഷാർജ കോടതി ഉത്തരവ് പ്രകാരം വൈഭവിയുടെ മൃതദേഹം പിതാവ് നിതീഷിന് വിട്ടുനൽകുകയും തുടർന്ന് ഷാർജ പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ ഒരുങ്ങുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഷൈലജയുടെ ആവശ്യപ്രകാരം ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് വിലക്കിയത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച( ഈ മാസം 8)യാണ് ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും മകൾ വൈഭവിയെയും ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വൈഭവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് കയറിൽ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
നേരത്തെ, മാതാവ് ഷൈലജ നൽകിയ പരാതിയിൽ വിപഞ്ചികയുടെ ഭർത്താവ് ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷ് മോഹനെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്. വിപഞ്ചികയുടെയും മകൾ വൈഭവിയെടുയും മൃതദേഹങ്ങൾ നാട്ടിലെത്തിയ ശേഷം വീണ്ടും പോസ്റ്റുമോർട്ടത്തിന് ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന വിപഞ്ചികയുടെ ആറോളം പേജ് വരുന്ന ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീടത് അപ്രത്യക്ഷമായി. ഭർത്താവ് നിതീഷ് മോഹൻ, ഭർതൃപിതാവ് മോഹൻ, ഭർതൃ സഹോദരി നീതു എന്നിവർക്കെതിരെ മാനസികവും ശാരീരികവുമായ പീഡനങ്ങൾ സംബന്ധമായി ഒട്ടേറെ കാര്യങ്ങൾ കത്തിൽ വിശദീകരിച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx