ഭർതൃപീഡനത്തെത്തുടർന്ന് ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി കൊല്ലം സ്വദേശിനി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ കുഞ്ഞിന്റെ സംസ്കാരം നടത്തുന്നത് മാറ്റിവച്ചു. ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. ചൊവ്വാഴ്ച വൈകിട്ടാണ് ഷാർജയിൽ കുഞ്ഞിന്റെ സംസ്കാരം നടത്താൻ തീരുമാനിച്ചിരുന്നത്.വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും സംസ്കാരം ഷാർജയിൽ നടത്തരുതെന്നും ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോകണമെന്നും വിപഞ്ചികയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ജനിച്ച മണ്ണിൽ മക്കളെ സംസ്കരിക്കണമെന്നാണ് വിപഞ്ചികയുടെ അമ്മ ഷൈലജ പറഞ്ഞത്. വിപിഞ്ചികയുടെ ഭർത്താവ് നിധീഷിന്റെ വീട്ടിൽ സംസ്കരിച്ചാലും വിഷമമില്ലെന്നും ഷാർജയിൽ സംസ്കരിക്കണമെന്ന് നിതീഷ് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ഷൈലജ പറഞ്ഞിരുന്നു.
കുഞ്ഞിന്റെ മൃതദേഹം നിതീഷിന് കൈമാറാൻ ഇന്ന് രാവിലെ കോടതി ഉത്തരവിട്ടിരുന്നു. വിപഞ്ചികയുടെയും ഒന്നരവയസ്സുകാരി വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോകാനായി കൊല്ലത്തുനിന്ന് ചൊവ്വാഴ്ച പുലർച്ചെയാണ് ഷൈലജ യുഎഇയിലെത്തിയത്. വിപഞ്ചികയുടെ സഹോദരനും ഇന്നു രാത്രിയോടെ കാനഡയിൽനിന്ന് യുഎഇയിലെത്തും.
ജൂലൈ 8നാണ് ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും മകൾ വൈഭവിയെയും ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വൈഭവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് കയറിൽ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് നിതീഷ്, അയാളുടെ പിതാവ് മോഹനൻ, സഹോദരി നീതു എന്നിവർ തന്നെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മർദം ചെലുത്തിയിരുന്നതായും ആരോപിക്കുന്ന വിപഞ്ചികയുടെ ആത്മഹത്യക്കുറിപ്പും വൈകാതെ പുറത്തുവന്നു. തുടർന്ന് ഷൈലജ നൽകിയ പരാതിയിൽ വിപഞ്ചികയുടെ ഭർത്താവ് നിതീഷ് മോഹനെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി രണ്ടാംപ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്. ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറാണ് നിതീഷ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t