ഇന്ത്യക്കാര്‍ ഉടന്‍ ടെഹ്റാന് വിടണമെന്ന് വിദേശകാര്യ മന്ത്രാലയം: കരമാര്‍ഗം മടങ്ങാമെന്ന് ഇറാന്
ഇന്ത്യക്കാര്‍ ഉടന്‍ ഇറാന് തലസ്ഥാനമായ ടെഹ്റാന് വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം. ഏത് വിസയെന്ന് പരിഗണിക്കാതെ നടപടിയെടുക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഇറാന് ഇസ്രയേല്‍ സംഘര്‍ഷം നാലാം ദിവസവും അയവില്ലാതെ തുടരുന്നതിനിടെ, ഇന്ത്യന്‍ വിദ്യാര്‍ഥികളെ സുരക്ഷിതമായി തിരിച്ചയയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ നടപടിയെടുക്കാന്‍ സഹകരിക്കുമെന്ന് ഇറാന് അറിയിച്ചു. വ്യോമാതിര്‍ത്തി അടച്ച സാഹചര്യത്തില്‍ കരമാര്‍ഗം ഒഴിപ്പിക്കാമെന്നാണ് ഇറാന് ഇന്ത്യക്ക് മറുപടി നല്‍കിയിരിക്കുന്നത്.
ആകാശ പാത അടച്ചിരിക്കുകയാണെങ്കിലും ഇന്ത്യക്കാരെ കരമാര്‍ഗം ഒഴിപ്പിക്കാനാകുമെന്ന് ഇറാന് അറിയിച്ചു. അതിര്‍ത്തികളിലൂടെ ഇവരെ മറ്റു രാജ്യങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് എല്ലാ സഹകരണവും ഉണ്ടാകുമെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇറാനില്‍ 1500ല്‍ ഏറെ ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അനിശ്ചിതത്വത്തില്‍ കഴിയുന്നത്. ഇറാനും ഇസ്രയേലും താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഇവരെ വിമാനമാര്‍ഗം നാട്ടിലെത്തിക്കാനാകുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കരമാര്‍ഗം മടങ്ങാനാണ് വിദ്യാര്‍ഥികളോട് ഇറാന് ആവശ്യപ്പെടുന്നത്.
ടെഹ്റാനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കുകയും ചെയ്യുന്നുണ്ടെന്നും എംബസിയുടെ സൗകര്യത്തോടെ വിദ്യാര്‍ഥികളെ ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്നും തിങ്കളാഴ്ച പുലര്‍ച്ചെ പുറത്തിറക്കിയ പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ടെഹ്റാനിലെ ഇന്ത്യന്‍ എംബസി ഇന്നലെ അടിയന്തര സാഹചര്യങ്ങളില്‍ വിളിക്കേണ്ട നമ്പറുകളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ടിരുന്നു. ഇറാന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെടാനാണ് ഈ നമ്പറുകള്‍. ഇന്ത്യന്‍ പൗരരോട് വ്യക്തിവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ എംബസി അഭ്യര്‍ഥിച്ചു.
അതേസമയം, ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെല്‍ അവീവിലെ എംബസി അധികൃതര്‍ അറിയിച്ചു. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. 24 മണിക്കൂര്‍ ഹെല്പ്ലൈനും പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ഥികളടക്കം എല്ലാ മേഖലയിലെയും ഇന്ത്യന്‍ പൗരരുമായി എംബസി ബന്ധപ്പെടുന്നുണ്ട്. ഇസ്രയേല്‍ അധികൃതരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എംബസി നിര്‍ദേശിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
		
		
		
		
		
Comments (0)