ദുരന്തമായി ഐപിഎൽ വിജയാഘോഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും 11 മരണം, 50 പേർക്ക് പരുക്ക്

ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിന് ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചെന്ന് റിപ്പോർട്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വീകരണചടങ്ങിൽ ആളുകൾ ഒത്തു കൂടിയതാണ് അപകടത്തിന് കാരണമായത്. 50 പേർക്ക് പരുക്കേറ്റെന്നും 3 പേരുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. രാവിലെ മുതൽ സ്റ്റേഡിയത്തിനു മുന്നിൽ വലിയ തിരക്കായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സ്റ്റേഡിയത്തിലേക്കെത്തിയിരുന്നു.ആർസിബിയുടെ ഹോം ഗ്രൗണ്ടാണ് ചിന്നസ്വാമി സ്റ്റേഡിയം. ഐപിഎൽ കിരീടം നേടിയ ആർസിബി ടീമിന് സർക്കാരും കർണാടക ക്രിക്കറ്റ് അസോസിയേഷനുമാണ് സ്വീകരണ പരിപാടി ഒരുക്കിയിരുന്നത്. സ്റ്റേഡിയത്തിലേക്ക് വലിയ ജനകൂട്ടമെത്തിയതോടെ പലരും ബോധരഹിതരായി വീണു. കുട്ടികളെ തിരക്കുള്ള സ്ഥലത്തേക്ക് കൊണ്ടുവരരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. പ്രവേശന കവാടത്തിന് മുൻപിലാണ് വലിയ തിരക്കുണ്ടായത്. സ്റ്റേഡിയത്തിൽ തിരക്കു കൂടിയെന്ന വാർത്ത പുറത്തു വന്നതോടെ വിധാൻസൗധയിലെ സർക്കാർ പരിപാടി വെട്ടിച്ചുരുക്കി ക്രിക്കറ്റ് താരങ്ങൾ മടങ്ങി. തുറന്ന ബസിൽ താരങ്ങളെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ‌ എത്തിക്കാനായിരുന്നു ആലോചന. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇതു മാറ്റിവച്ചു. വലിയ തിരക്കുണ്ടാകുമെന്നും തുറന്ന ബസിലെ ഷോ ഒഴിവാക്കണമെന്നും പൊലീസ് നിർദേശിച്ചിരുന്നു. എന്നാൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ പരിപാടിയുമായി മുന്നോട്ടുപോകുകയായിരുന്നു. തുറന്ന ബസിലെ ഷോ ഉണ്ടാകുമെന്ന് കെസിഎ രാവിലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാൽ, നടത്താനാകില്ലെന്ന് പൊലീസ് പിന്നീട് വാർത്താക്കുറിപ്പ് ഇറക്കി. ഇതോടെ ആശയക്കുഴപ്പമുണ്ടായി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top