Posted By Editor Editor Posted On

വിവാഹം കഴിക്കാനിരിക്കെ കൊലപാതകം; പിന്നീട് എല്ലാ കണ്ണും വെട്ടിച്ചു രക്ഷപെടാൻ ശ്രമം, എയർപോർട്ടിൽ എഐ ക്യാമറ തിരിച്ചറിഞ്ഞു; മലയാളി യുവതിയുടെ കൊലപാതകത്തിന് പിന്നിൽ

യുഎഇയിൽ തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനിയായ മലയാളി യുവതി മരിച്ച സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. ആനിമോള്‍ ഗില്‍ഡ(26)യെ ദുബായിൽ കൊലപ്പെടുത്തിയ അബിൻ ലാൽ മോഹൻലാൽ ആണ് അറസ്റ്റിലായത്. ഒന്നര വർഷം മുൻപാണ് ഇവർ യുഎഇയിലെത്തിയത്. ക്രഡിറ്റ് കാർഡ് സെയിൽസിലായിരുന്നു ജോലി ചെയ്തിരുന്നത്. ആനി മോളുമായി അടുപ്പവും പരിചയവുമുള്ള തിരുവനന്തപുരം സ്വദേശിയായ സുഹൃത്താണ് ഇപ്പോൾ ഇവരുടെ മരണത്തെ തുടർന്ന് കസ്റ്റഡിയിലുള്ളത്.
28 വയസ്സുകാരനായ തിരുവനന്തപുരം സ്വദേശി അബിൻ ലാൽ മോഹൻലാൽ അബുദാബിയിലെ സ്വകാര്യാശുപത്രിയിലാണ് ജോലി ചെയുന്നത്. കൃത്യം നടത്തിയ ശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ക്യാമറ ഉപയോഗിച്ച് പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു.

ഈ മാസം നാലിന് വൈകിട്ട് നാല് മണിക്കായിരുന്നു കൊലപാതകം നടന്നത്. കരാമയിലെ മത്സ്യമാർക്കറ്റിന് പിൻവശത്തുള്ള കെട്ടിടത്തിലെ ഫ്ലാറ്റിൽ കൂട്ടുകാരുമായി ഷെയർ ചെയ്ത് താമസിക്കുകയായിരുന്നു ആനിമോൾ. അബുദാബിയിൽ നിന്ന് എല്ലാ ഞായറാഴ്ചയും അബിൻ ലാൽ ആനിമോളെ കാണാൻ ഈ ഫ്ലാറ്റിലേക്ക് വരാറുണ്ടായിരുന്നു. സംഭവം ദിവസം വൈകുന്നേരം കൂട്ടുകാരുമൊത്ത് ചായ കുടിച്ച ശേഷം ഇരുവരും ബാൽക്കണിയിൽ വെച്ച് വഴക്കിട്ടു. പെട്ടെന്ന് അബിൻ ലാൽ ആനിമോളെയും കൂട്ടി മുറിയിലേക്ക് പോവുകയും വാതിൽ അടക്കുകയും ചെയ്തു. തുടർന്ന് ആനിമോളുടെ നിലവിളി കേട്ട് മറ്റുള്ളവർ ഓടിയെത്തിയപ്പോഴേക്കും അബിൻ ലാൽ മുറിയിൽ നിന്ന് ഇറങ്ങിയോടി. കത്തിക്കുത്തേറ്റ് ചോരവാർന്ന് പിടയുന്ന ആനിമോളെയാണ് കൂട്ടുകാർ കണ്ടത്.

ഉടൻതന്നെ അവർ പൊലീസിൽ വിവരമറിയിക്കുകയും അബിൻ ലാലിന്റെ ഫോട്ടോ കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ അബിൻ ലാൽ കുറ്റം സമ്മതിച്ചു. പ്രതിയുടെയോ കേസുമായി ബന്ധപ്പെട്ടതോ ആയ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആനി മോൾ ഗിൽഡയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *