
‘ഭക്ഷണവും വിശ്രമവുമില്ലാതെ ജോലി, കൂടാതെ വീട്ടുതടങ്കലിൽ, രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഭീഷണി: കുവൈറ്റിൽ മലയാളി യുവതിക്ക് ഒടുവിൽ മോചനം
വീട്ടുതടങ്കലിൽ ആണെന്നും രക്ഷപ്പെട്ടു നാട്ടിലെത്താൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട്, കുവൈത്തിൽ ജോലിക്കു പോയ യുവതിയുടെ വിഡിയോ സന്ദേശം പുറത്തുവന്നിരുന്നു. ഇതേ തുടർന്ന് നടത്തിയ ശ്രമങ്ങളുടെ ഫലമായി യുവതിക്ക് മോചനം. പാലക്കാട് സ്വദേശിനി ഫസീലയ്ക്കാണ് ഒടുവിൽ മോചനം ലഭിച്ചത്. ജോലിയും വേതനവും നൽകാതെ കുവൈത്തിൽ വീട്ടുതടങ്കലിൽ ആയിരുന്നു ഇവർ. പൊതുപ്രവര്‍ത്തകരും കുവൈത്ത് പൊലീസും നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ഫസീലക്ക് മോചനം ലഭിച്ചത്. കുവൈത്തിലേക്ക് ജോലിക്കായി കൊണ്ടുവന്ന ഏജന്റാണ് ഇവരെ ഒരാഴ്ചയോളം തടവിൽ പാർപ്പിച്ചത്. ഭക്ഷണം നൽകാതെയും വിശ്രമം അനുവദിക്കാതെയും ജോലി ചെയ്യിപ്പിക്കുകയായിരുന്നു. ഇതിനെ എതിർത്തോടെ വീട്ടു തടങ്കലിലാക്കി. ജോലിക്കായി എത്തിച്ച ഏജന്റിന്റെ വീട്ടുതടങ്കലിലായിരുന്നു ഫസീല. ഭക്ഷണവും വിശ്രമവും നല്‍കാതെ ജോലി ചെയ്യിപ്പിച്ചത് എതിര്‍ത്തതിനാണ് ഫസീലയെ ഏജന്റ് വീട്ടുതടങ്കലിലാക്കിയത്. കാസര്‍കോട് സ്വദേശി ഖാലിദ് ആണ് ഫസീലയെ കുവൈത്തിൽ എത്തിച്ചത്. ഖാലിദിന്റെ ബന്ധു റഫീക്ക് ഫസീലയെ അക്രമിക്കുകയും ചെയ്തു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് പൊലീസ് അറിയിച്ചു.
ജോലിയും വേതനവും നൽകാതെ കുവൈത്തിൽ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നതായാണ് പട്ടാമ്പി വല്ലപ്പുഴ സ്വദേശിനി ഫസീല (30) ഭർത്താവിന് അയച്ച വിഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ മാർച്ചിലാണ് തിരുവനന്തപുരം സ്വദേശിനി ജിജി, കാസർകോട് സ്വദേശി ഖാലിദ്, ഇടുക്കി കട്ടപ്പന സ്വദേശി ബിൻസി എന്നിവർ ചേർന്നു തന്നെ കുവൈത്തിൽ എത്തിച്ചതെന്നു ഫസീല പറയുന്നു. നാട്ടിൽ ഹോം നഴ്സിങ് സ്ഥാപനത്തിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെയാണു തിരുവനന്തപുരം സ്വദേശിനി ജിജിയെ പരിചയപ്പെട്ടതെന്നും കുവൈത്തിൽ ജോലി ശരിയാക്കാമെന്നു വാഗ്ദാനം നൽകി പണം കൈപ്പറ്റി ഖാലിദിനെയും ബിൻസിയെയും പരിചപ്പെടുത്തിയെന്നും പീന്നീട് ഇവർ കുവൈത്തിൽ എത്തിക്കുകയായിരുന്നെന്നും ഫസീല പറയുന്നു. കുവൈത്തിൽ എത്തിയതോടെ വാഗ്ദാനം ചെയ്ത ജോലിയല്ല ലഭിച്ചത്. ആദ്യം ഖാലിദിന്റെ വീട്ടിലും തുടർന്ന് ചില കുവൈത്ത് സ്വദേശികളുടെ വീട്ടിലും എത്തിക്കുകയും ഭക്ഷണവും വിശ്രമവും നൽകാതെ ജോലിയെടുപ്പിക്കുകയും ചെയ്തു. രോഗം ബാധിച്ചപ്പോൾ ചികിത്സപോലും നൽകിയില്ല. ഇഷ്ടമില്ലാത്ത ജോലി ചെയ്യാൻ വിസമ്മതിച്ചതോടെ വീട്ടുതടങ്കലിലാക്കിയെന്നും ഫസീല പറയുന്നു. ഇതിനിടെ, എംബസിയുമായി ബന്ധപ്പെട്ടപ്പോൾ കുവൈത്തിലെ നിയമമനുസരിച്ച്, എംബസിയിലെത്തിയാൽ രക്ഷിക്കാമെന്നല്ലാതെ ജോലിസ്ഥലത്തെത്തി രക്ഷിക്കാനാവില്ലെന്ന് അറിയിച്ചത്രെ. രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നതായി അറിഞ്ഞതോടെ ഇപ്പോൾ ജീവനു ഭീഷണിയുണ്ടെന്നും മരിച്ചാൽ അതിനുത്തരവാദികൾ ജിജിയും ഖാലീദും ബിൻസിയുമാണെന്നും ഫസീല കരഞ്ഞുകൊണ്ട് കണ്ണൂർ സ്വദേശിയായ ഭർത്താവിന് അയച്ച വിഡിയോ സന്ദേശത്തിൽ പറയുന്നു. കുവൈത്തിലേക്ക് ജോലി വാഗ്ദാനം ചെയ്തു മനുഷ്യക്കടത്താണ് ഇക്കൂട്ടർ ചെയ്യുന്നതെന്നും അവിടെയെത്തിച്ച് ലക്ഷങ്ങൾ വില പറഞ്ഞ് സ്വദേശികൾക്കു വിൽക്കുകയാണ് ചെയ്യുന്നതെന്നും ഫസീല വിഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. തുടർന്ന് പൊതുപ്രവര്‍ത്തകരും കുവൈത്ത് പൊലീസും നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ഫസീലക്ക് മോചനം ലഭിക്കുകയായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)