Posted By user Posted On

ഏസികളിലെ ടെംപറേച്ചര്‍ 23 ഡിഗ്രിയില്‍ സെറ്റ് ചെയ്യണമെന്ന നിർദേശവുമായി കുവൈറ്റ് മന്ത്രാലയം; കാരണം ഇതാണ്

കുവൈറ്റിലെ ഉയര്‍ന്ന താപനില ശമനമില്ലാതെ തുടരുകയാണ്. പലയിടങ്ങളിലും 50 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് ചൂട് രേഖപ്പെടുത്തുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ വീടുകളിലേയും സ്ഥാപനങ്ങളിലേയും എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കുവൈറ്റിലെ വൈദ്യുതി, ജലം, പുനരുപയോഗ ഊര്‍ജ മന്ത്രാലയം.പൊതുവെ ശക്തമായ ചൂടില്‍ നിന്ന് രക്ഷ നേടാന്‍ മുറികള്‍ പരമാവധി തണുപ്പിക്കാനാണ് ആളുകള്‍ ശ്രമിക്കുക. എന്നാല്‍ അത് വേണ്ടെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. മുറിയിലെ താപനില എസിയില്‍ 18 ഡിഗ്രി സെല്‍ഷ്യസായി സെറ്റ് ചെയ്യുന്നതിന് പകരം മിതമായ തണുപ്പ് ലഭിക്കുന്ന രീതിയില്‍ 23 ഡിഗ്രിയാക്കി കുറയ്ക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. 18 ഡിഗ്രിയായി സെറ്റ് ചെയ്താല്‍ അത് കൂടുതല്‍ വൈദ്യുതി ഉപഭോഗത്തിന് കാരണമാവും എന്നതാണ് ഇതിന് കാരണം. ഇത്തരം ചെറിയ ക്രമീകരണങ്ങള്‍ പോലും രാജ്യത്തിന്റെ മൊത്തത്തിലുള്ള വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ കുറവ് വരുത്തുമെന്നും അധികൃതര്‍ അറിയിച്ചു. അല്ലാതിരുന്നാല്‍ ഈയിടെ ഉണ്ടായതു പോലെ വൈദ്യുതി ലൈനുകളിലെ ഓവര്‍ ലോഡ് കാരണം വൈദ്യുതി വിതരണം തന്നെ തടസ്സപ്പെടുന്ന സ്ഥിതിയുണ്ടാവും.നിലവിലുള്ള പ്രതിസന്ധി ലഘൂകരിക്കുന്നതിന് ഊര്‍ജ സംരക്ഷണത്തിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഊര്‍ജ ഉപഭോഗത്തിന്റെ 70 ശതമാനവും എയര്‍ കണ്ടീഷണറുകള്‍ വഴിയാണ് ഉണ്ടാവുന്നത്. അതിനാല്‍ എസിയുടെ പ്രവര്‍ത്തനത്തിലുണ്ടാവുന്ന ചെറിയ ക്രമീകരണങ്ങള്‍ പോലും വലിയ തോതില്‍ വൈദ്യുതി ലാഭിക്കാന്‍ സഹായിക്കുമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു. കൂടാതെ, തിരക്കേറിയ സമയങ്ങളായ രാവിലെ 11 മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ ആളൊഴിഞ്ഞ മുറികളിലെയും മറ്റ് അത്യാവശ്യമല്ലാത്ത ഇടങ്ങളിലെയും എസിയും മറ്റും പ്രവര്‍ത്തിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം ലോഡ് കൂടുന്ന ഇടങ്ങളില്‍ വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരാവുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *