മുംബൈ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ കൗണ്ടറിലേക്ക് നടക്കവേ 80കാരന്‍ കുഴഞ്ഞു വീണു മരിച്ചു. ന്യൂയോര്‍ക്കില്‍ നിന്നും മുംബൈയിലെത്തിയ യാത്രക്കാരനാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. വിമാന കമ്പനിയോട് വീല്‍ ചെയര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് ഭാര്യയോടൊപ്പം വിമാനത്തില്‍ നിന്നും എമിഗ്രേഷന്‍ കൗണ്ടറിലേക്ക് നടക്കവേ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൌരനായ 80കാരനാണ് മരിച്ചിരിക്കുന്നത്. ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ 116 വിമാനത്തിലാണ് ഇവര്‍ ദില്ലിയിലെത്തിയത്. 32 പേരാണ് വിമാനത്തില്‍ വീല്‍ ചെയര്‍ ആവശ്യപ്പെട്ടിരുന്നതെന്നും 15 വീല്‍ചെയറാണ് ലഭ്യമായിരുന്നതെന്നുമാണ് എയര്‍ ഇന്ത്യ സംഭവത്തേക്കുറിച്ച് പ്രതികരിക്കുന്നത്. ദൌര്‍ഭാഗ്യകരമായ സംഭവമെന്നാണ് എയര്‍ ഇന്ത്യ വയോധികന്റെ മരണത്തെ നിരീക്ഷിക്കുന്നത്. വയോധികന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ടതായും എയര്‍ ഇന്ത്യ വിശദമാക്കി.
എന്നാല്‍ യാത്രക്കാര്‍ പുറത്തിറങ്ങിയ സമയത്ത് ആവശ്യത്തിന് വീല്‍ ചെയര്‍ ഉണ്ടായിരുന്നില്ലെന്നും വൃദ്ധ ദമ്പതികളോട് വീല്‍ ചെയറിനായി കാത്തിരിക്കാന്‍ പറഞ്ഞിരുന്നുവെന്നുമാണ് സംഭവത്തില്‍ എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വൈദ്യ സഹായം ഉറപ്പാക്കിയിരുന്നുവെന്നും എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ക്കുന്നു. ദമ്പതികള്‍ രണ്ട് പേരും വീല്‍ ചെയര്‍ ആവശ്യപ്പെട്ടിരുന്നു. ഏകദേശം 1.5 കിലോമീറ്റര്‍ ദൂരമാണ് ഇവര്‍ക്ക് എമിഗ്രേഷന്‍ കൗണ്ടറിലേക്ക് നടക്കേണ്ടി വന്നതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംഭവത്തിൽ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ എയര്‍ ഇന്ത്യയ്ക്ക് നോട്ടീസ് നല്‍കിയത്. വ്യോമയാന ചട്ടങ്ങളുടെ ലംഘനമാണ് എയര്‍ ഇന്ത്യ നടത്തിയതെന്ന് ഡിജിസിഎ നല്‍കിയ നോട്ടീസില്‍ ആരോപിക്കുന്നു. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വികലാംഗര്‍ക്കും നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും സുഗമമായ യാത്ര ഉറപ്പുവരുത്താന്‍ ലഭ്യമാക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് വ്യോമയാന ചട്ടങ്ങളില്‍ പ്രതിപാദിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള യാത്രക്കാര്‍ക്ക്, യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിലെ ഡിപ്പാര്‍ചര്‍ ടെര്‍മിനല്‍ മുതല്‍ വിമാനത്തിനകത്ത് എത്തുന്നത് വരെയും, ലക്ഷ്യസ്ഥാനത്തെ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ വിമാനത്തിനകത്ത് നിന്ന് അറൈവല്‍ ടെര്‍മിനലിലെ എക്‌സിറ്റ് വരെയും സഹായം നല്‍കണമെന്നാണ് നിയമം. ഇതിന് ആവശ്യമായ വീല്‍ ചെയറുകള്‍ സജ്ജമാക്കണമെന്ന് എല്ലാ വിമാനക്കമ്പനികളോടും നിഷ്‌കര്‍ഷിച്ചിട്ടുമുണ്ട്. ഈ ചട്ടങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചയാണ് വയോധികന്റെ മരണത്തില്‍ കലാശിച്ചതെന്നാണ് ആരോപണം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr