
സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് മുൻഗണന നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: പൊതുനയങ്ങൾ രൂപംനൽകാൻ 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കാണ് കുവൈത്ത് മുൻഗണന നൽകുന്നതെന്ന് ആസൂത്രണത്തിനും വികസനത്തിനുമുള്ള സുപ്രീം കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റ്. സെപ്റ്റംബർ 18, 19 തീയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളുടെഉച്ചകോടിയിൽ രാജ്യത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് കൗൺസിലിന്റെ സെക്രട്ടേറിയറ്റ് കൂടിയിരുന്നു. യോഗത്തിൽ ഉച്ചകോടി സംബന്ധിച്ച തയാറെടുപ്പുകൾ വിശകലനം ചെയ്തതായി സെക്രട്ടറി ജനറൽ ഡോ. ഖാലിദ് മഹ്ദി വാർത്താക്കുറിപ്പിൽ പറഞ്ഞു.സുസ്ഥിര വികസന ലക്ഷ്യങ്ങൾ സംബന്ധിച്ച്, വിവിധ സംസ്ഥാന ഏജൻസികളുമായി സഹകരിച്ച് കുവൈത്തിലെ അന്താരാഷ്ട്ര സംഘടനകളുടെ ഓഫിസുകൾ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് ഉച്ചകോടി ചർച്ച ചെയ്യുമെന്ന് മഹ്ദി കൂട്ടിച്ചേർത്തു. 17 സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട ആഗോള സംഭവവികാസങ്ങളെയും ഭാവിയിലെ തന്ത്രപരമായ വെല്ലുവിളികളെയും ഉച്ചകോടി അഭിസംബോധന ചെയ്യും. ആഗോള തന്ത്രങ്ങൾ വിലയിരുത്തൽ, അന്താരാഷ്ട്ര സഹകരണം ഉത്തേജിപ്പിക്കൽ, ആഗോള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തൽ എന്നിവയും ഉച്ചകോടിയിലെ പരിഗണനാ വിഷയങ്ങളാണെന്ന് ഖാലിദ് മഹ്ദി വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)