Posted By user Posted On

innocentചിരിയുടെ തമ്പുരാന് വിട; കണ്ണീരടക്കാനാവാതെ സിനിമാ ലോകം

പ്രശസ്ത മലയാള സിനിമാ താരം ഇന്നസെന്റ് ഓർമ്മയാകുന്നതോടെ ഒരു നൂറ്റാണ്ടിന്റെ ചിരിക്കാലം കൂടിയാണ് ഓർമ്മയാകുന്നത് innocent. മലയാളികളെ ഇത്രയേറെ ചിരിപ്പിച്ച മറ്റൊരു പ്രതിഭ ഉണ്ടോ എന്നത് ഒരു ചോദ്യമാണ്. കണ്ടു കൊതിതീരാത്ത, കേട്ടു മടുക്കാത്ത, പൊട്ടിച്ചിരി നിറഞ്ഞൊരു സിനിമാകാലമാണ് ഇന്നസെന്റെന്ന പ്രതിഭ മലയാളികൾക്ക് സമ്മാനിച്ചത്. തൃശ്ശൂർ ശൈലിയിലുള്ള സംഭാഷണം കൊണ്ടും വേറിട്ട ശരീരഭാഷ കൊണ്ടും അദ്ദേഹം സിനിമ മേഖലയെ തന്റേതാക്കി മാറ്റി. ഞായറാഴ്ച രാത്രി 10.30ഓടെ കൊച്ചി ലേക്ഷോർ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 75 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടർന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവർത്തനം നിലച്ചതും ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചത്. 1948 മാർച്ച് നാലിന് തെക്കേത്തല വറീതിന്റെയും മാർഗരീത്തയുടെയും മകനായി തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലായിരുന്നു ജനനം. ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവന്റ് ഹയർ സെക്കൻഡറി സ്കൂൾ, ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ, എൻ.എസ്.എസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായിരുന്നു സ്കൂൾ വിദ്യാഭ്യാസം. എട്ടാം ക്ലാസിൽ പഠനം നിർത്തിയ ശേഷം മദ്രാസിലേക്ക് പോകുകയും അവിടെ സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി കുറച്ചുകാലം പ്രവർത്തിക്കുകയും ചെയ്തു. നിർമാതാവ് എന്ന നിലയിൽ സിനിമയിൽ എത്തിയ അദ്ദേഹം പിൽക്കാലത്ത് ഹാസ്യനടനും സ്വഭാവനടനായും സിനിമ ലോകത്ത് നിറഞ്ഞ് നിന്നു. നൃത്തശാല (1972) ആണ് ആദ്യസിനിമ. പിന്നീട് മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലിഷ് ഭാഷകളിൽ തന്റെ കയ്യൊപ്പ് പതിച്ച 700ൽ അധികം സിനിമകളിൽ അദ്ദേഹം നിറഞ്ഞാടി. 1989ൽ മഴവിൽക്കാവടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. കോമഡി റോളുകളും സീരിയസ് റോളുകളും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള നടനായി അദ്ദേഹം മലയാള ചലച്ചിത്ര ലോകത്ത് പേരെടുത്തു. അഭിനയിക്കുന്ന എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകരുടെ മനസ്സിൽ എന്നും നിലനിൽക്കുന്നതാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 2000 മുതൽ 2018 വരെ താരസംഘടന അമ്മയുടെ പ്രസിഡന്റ് ആയിരുന്നു ഇന്നസെന്റ്. സിനിമപോലെ തന്നെ രാഷ്ട്രീയത്തിലും അദ്ദേഹം തിളങ്ങി. ഇടതുപക്ഷ സഹയാത്രികനായ അദ്ദേഹം 1979ൽ ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറായി രാഷ്ട്രീയത്തിൽ ചുവടുവച്ചു. പിന്നീട് 2014ൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫിന്റെ പി.സി.ചാക്കോയ്ക്കെതിരെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചു. 2019ൽ ബെന്നി ബഹനാനോടു പരാജയപ്പെട്ടു. മികച്ച എഴുത്തുകാരൻ കൂടിയാണ് അദ്ദേഹം. ഞാൻ ഇന്നസെന്റ്, മഴക്കണ്ണാടി, ചിരിക്കുപിന്നിൽ (ആത്മകഥ), കാൻസർവാർഡിലെ ചിരി എന്നിങ്ങനെ നാല് പുസ്തകങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയത്. ആലീസാണ് ഭാര്യ. മകൻ: സോണറ്റ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *