കൊല്ലം ചിതറയിൽ വാളും വളർത്തുനായകളുമായി ഭീഷണി ഉയർത്തിയ സജീവനെ നാട്ടുകാരുടെ നേതൃത്വത്തിൽ kerala police പൊലീസ് പിടികൂടി. 56 മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിൽ സാഹസികമായാണ് ഇയാളെ പിടികൂടിയത്. വീടിനുള്ളിൽ കയറിയ മഫ്തിയിലെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് സജീവനെ കീഴ്പ്പെടുത്തുകയായിരുന്നു. റോട്ട്വീലർ ഇനത്തിൽപ്പെട്ട നായയെ തുറന്നുവിട്ടതിനാൽ കഴിഞ്ഞ രണ്ടുദിവസമായി പോലീസിന് വീട്ടിനുള്ളിൽ കയറി സജീവനെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഒടുവിൽ ഫയർഫോഴ്സിന്റെ സഹായത്തോടെ നായയെ മാറ്റിയ ശേഷമാണ് പോലീസിനും നാട്ടുകാർക്കും വീട്ടിനുള്ളിൽ പ്രവേശിക്കാനായത്. പട്ടികളെ മെരുക്കി പൊലീസ് വീട്ടുവളപ്പിൽ കയറിയെങ്കിലും ഒരുതരത്തിലും സജീവനെ അനുനയിപ്പിക്കാൻ കഴിഞ്ഞില്ല. പൊലീസ് വീട്ടിൽ കടന്നാൽ സ്വന്തം അമ്മയെ വടിവാളിന് വെട്ടി കൊല്ലുമെന്നായിരുന്നു സജീവന്റെ ഭീഷണി. പൊലീസിന്റെ പിടിയാലാകുമെന്ന ഘട്ടത്തിൽ സജീവൻ വീണ്ടും അക്രമസക്തനാവുകയായിരുന്നു.അതിനിടെ വടിവാൾ വീശിയതോടെ നാട്ടുകാരിൽ ഒരാൾക്ക് പരിക്കേറ്റു. വടിവാൾവീശി വീട്ടിനുള്ളിൽ തന്നെ നിലയുറപ്പിച്ച സജീവനെ ഏറെനേരം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ശനിയാഴ്ച മൂന്ന് മണിയോടെയാണ് പിടികൂടാനായത്. ഇയാളുടെ അമ്മയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്റെ സ്വത്തുക്കളെല്ലാം പലരും തട്ടിയെടുത്തെന്നാണ് ഇയാളുടെ വാദം. വ്യാഴാഴ്ചയാണ് വടിവാളും വളർത്തുനായയുമായി കിഴക്കുംഭാഗത്ത് സുപ്രഭയെന്ന സ്ത്രീ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി സജീവ് അക്രമം നടത്തിയത്. റോട്വീലർ നായയുമായി സജീവ് വീട്ടിലെത്തി സുപ്രഭയോട് ഇറങ്ങിപ്പോകാൻ ആക്രോശിച്ചു. തുടർന്ന് ഭയന്ന് ഓടി സുപ്രഭ വീടിനുള്ളിലൊളിച്ചു. സുപ്രഭ താമസിക്കുന്നത് തന്റെ അച്ഛൻ വാങ്ങിയ വസ്തുവിലാണെന്നാണ് സജീവന്റെ വാദം. സജീവിനെ കടയ്ക്കൽ കോടതിയിൽ ഹാജരാക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX