ഫുഡ് ഡെലിവറി ചാർജ് കൂടുതലെന്ന് പരാതി; അന്വേഷണത്തിന് ഒരുങ്ങി വാണിജ്യ വ്യവസായ മന്ത്രാലയം
ഓർഡർ ചെയ്യുന്ന ഭക്ഷണം വീട്ടിൽ എത്തിച്ചു നൽകാൻ കമ്പനികൾ ഈടാക്കുന്ന പണം കൂടുതൽ ആണെന്ന് പരക്കെ ആക്ഷേപം. എന്നാൽ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും മറ്റു ചെലവുകൾ വർധിച്ചതും കാരണമാണ് ഡെലിവറി ചാർജ് വർധിപ്പിച്ചതെന്നാണ് കമ്പനികളുടെ ന്യായീകരണം.ഇതുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിൽ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം ഡെലിവറി കമ്പനികളുടെയും റസ്റ്റാറന്റുകളുടെയും ചെലവും വരുമാനവും സംബന്ധിച്ച് പഠിക്കാൻ തീരുമാനിച്ചു. കമ്പനികൾ ഈടാക്കുന്ന ചാർജ് അന്യായമാണെന്ന് വ്യക്തമായാൽ മന്ത്രാലയം നടപടി സ്വീകരിക്കും .
ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഉടൻ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ വാണിജ്യ മന്ത്രി ഫഹദ് അൽ ശരീആൻ കൊമേഴ്സ്യൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാഗത്തോട് ആവശ്യപ്പെട്ടു. ഒരു ദീനാർ ഡെലിവറി ചാർജിന് പുറമെ റസ്റ്റാറന്റുകൾ ഈടാക്കുന്ന വിലയേക്കാൾ അധികം ഈടാക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. കമ്പനികളുടെ കുത്തകയാണ് ചൂഷണത്തിന് കാരണമാകുന്നത്.
ഓർഡർ, സർവിസ്, ഡെലിവറി എന്നിവക്ക് റസ്റ്റാറൻറുകളുടെ ഇൻവോയ്സിൽ കാണിച്ച തുകയേക്കാൾ അധികം ഈടാക്കാൻ പാടില്ലെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട്. അംഗീകരിച്ച തുകയിൽ അധികം ഈടാക്കുന്ന സംഭവം ഉണ്ടെങ്കിൽ ഉപഭോക്താക്കൾ പരാതി നൽകണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. പരാതിയോടൊപ്പം ഇൻവോയ്സിന്റെ പകർപ്പും വെക്കണം. ഉപഭോക്താക്കൾക്ക് 135 എന്ന ഹോട്ട്ലൈൻ നമ്പറിൽ പരാതി അറിയിക്കാൻ സൗകര്യമുണ്ട്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/I8FSZXu0P9mIeju4HGE4om
Comments (0)