ദുബായിൽ ബസ് റൂട്ടുകളിൽ മാറ്റം; ഏഴ് മേഖലകളിൽ പുതിയ ക്രമീകരണം

Dubai RTA bus routes; ദുബായിലെ വിവിധ ബസ് റൂട്ടുകളിൽ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതുക്കിയ റൂട്ടുകൾ നവംബർ 20 മുതൽ പ്രാബല്യത്തിൽ വരും. പ്രധാന മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി റൂട്ടുകൾ നീട്ടലും ക്രമീകരണങ്ങളും ബദൽ കണക്ഷനുകളുമാണ് നടപ്പിലാക്കുന്നത്. യാത്ര പുറപ്പെടുന്നതിന് മുൻപായി പുതുക്കിയ റൂട്ടുകളും സമയക്രമവും ‘സഹീൽ’ ആപ്പിൽ പരിശോധിക്കണമെന്ന് ആർടിഎ യാത്രക്കാരോട് നിർദ്ദേശിച്ചു. പുതിയ മാറ്റങ്ങൾ പ്രകാരം, ജബൽ അലി, ജാഫ്‌സ മേഖലയിൽ കടൽത്തീര ഭാഗത്തുള്ള ലൈഫ് ഫാർമസി ബസ് സ്റ്റോപ്പിലേക്കുള്ള സർവീസ് റദ്ദാക്കിയിട്ടുണ്ട്. പകരം യാത്രക്കാർക്ക് റൂട്ട് 99 ഉപയോഗിക്കാം. അൽ വസൽ, അൽ ഖൂസ് എഫ് 29 റൂട്ടിൽ അൽ വസൽ റോഡ് വഴി അൽ ഖൂസ് ബസ് സ്റ്റേഷനും ഇക്വിറ്റി മെട്രോ ബസ് സ്റ്റോപ്പിനും ഇടയിലുള്ള സർവീസും റദ്ദാക്കി. ഇതിന് ബദലായി യാത്രക്കാർക്ക് റൂട്ട് 93, എഫ് 29 എന്നിവ ഉപയോഗിക്കാവുന്നതാണ്. അൽ മനാറ സ്ട്രീറ്റ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, നാലാം സ്ട്രീറ്റ് എന്നിവ വഴിയാണ് ഈ റൂട്ട് ഇക്വിറ്റി മെട്രോ ബസ് സ്റ്റോപ്പുമായി ബന്ധിപ്പിച്ചിരിക്കുന്നത്. അൽ ഗുബൈബ, അൽ ഫഖ റൂട്ട് ഷെയ്ഖ് ഖലീഫ ബിൻ സയീദ് അൽ മക്തൂം മസ്ജിദിലേക്കും തിരികെയും സർവീസ് ലഭ്യമാക്കുന്നതിനായി ഇരു ദിശകളിലേക്കും നീട്ടിയിട്ടുണ്ട്. ദുബായ്-ഹത്ത റോഡ്, ലെഹ്ബാബ് മേഖലയിൽ റൂട്ട് ഇ 16-ലേക്ക് മാറിക്കയറുന്നതിന് സൗകര്യമൊരുക്കാനായി ദുബായ്-ഹത്ത റോഡിൽ പുതിയ സ്റ്റോപ്പുകൾ ഉൾപ്പെടുത്തി. കൂടാതെ, അൽ ഖൂസ് വ്യവസായ മേഖലയിൽ ഗാർമിൻ ബസ് ടെർമിനസിൽ നിന്നുള്ള യാത്രയിൽ ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റിന് പകരം ഷെയ്ഖ് സായിദ് സർവീസ് റോഡ് വഴി ബസുകൾ തിരിച്ചുവിടും. ഇതിനുപുറമെ, ദുബായ് വേൾഡ് സെൻട്രൽ മേഖലയിലെ സർവീസ് ഫ്രൈറ്റ് ഹൗസ് വരെയാക്കി നീട്ടുകയും, ചെറിവുഡ്സ് മേഖലയിലേക്ക് കൂടി സർവീസ് ലഭ്യമാക്കുന്നതിനായി ആർടിഎ ബസ് റൂട്ട് ദീർഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തിനുള്ളിലെ യാത്രകൾക്കായും മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നതിനും മറ്റ് എമിറേറ്റുകളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനുമായി 1,518 ബസുകളുടെ വിപുലമായ ശൃംഖലയാണ് ദുബായിലുള്ളത്. ദുബായിലെ നഗരപ്രദേശങ്ങളുടെ 82 ശതമാനത്തെയും ഉൾക്കൊള്ളുന്ന ഈ പൊതുഗതാഗത ശൃംഖല വഴി പ്രതിദിനം ഏകദേശം 3,69,248 പേർ യാത്ര ചെയ്യുന്നുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *