
PJ.2.1 variant; ലോകമെമ്പാടുമുള്ള ചില രാജ്യങ്ങളിൽ പുതിയ കോവിഡ്-19 വകഭേദമായ PJ.2.1 റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇത് ആരോഗ്യരംഗത്ത് ചർച്ചാവിഷയമായിരിക്കുകയാണ്. ഈ വകഭേദത്തെക്കുറിച്ച് നിലവിൽ ലഭ്യമായ വിവരങ്ങൾ താഴെ പറയുന്നവയാണ്. ഈ വർഷം മേയിൽ കാനഡയിലെ ഒന്റാറിയോയിലാണ് PJ.2.1 ആദ്യമായി കണ്ടെത്തിയത്. സാർസ്-കോവ്-2 (SARS-CoV-2) വൈറസ് കുടുംബത്തിൽ പെട്ട ഈ വകഭേദം, കാലക്രമേണയുള്ള മാറ്റങ്ങളിലൂടെയല്ല, മറിച്ച് പെട്ടെന്നുണ്ടായ ഒന്നിലധികം ജനിതക മാറ്റങ്ങളിലൂടെയാണ് രൂപപ്പെട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യകോശങ്ങളിലേക്ക് കടന്നുകയറാൻ വൈറസ് ഉപയോഗിക്കുന്ന ACE2 റിസപ്റ്ററുമായി ഇത് കൂടുതൽ കാര്യക്ഷമമായി ബന്ധപ്പെടുന്നുണ്ടെന്ന് പ്രാഥമിക ലബോറട്ടറി പരിശോധനകൾ സൂചിപ്പിക്കുന്നു. എന്നാൽ, മുൻപുള്ള വകഭേദങ്ങളെ അപേക്ഷിച്ച് ഇത് കൂടുതൽ ഗുരുതരമായ രോഗത്തിനോ, ആശുപത്രിവാസത്തിനോ, മരണത്തിനോ കാരണമാകുമെന്ന് പറയാൻ മതിയായ തെളിവുകളില്ല.
പ്രധാന ലക്ഷണങ്ങൾ
ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ജലദോഷം അല്ലെങ്കിൽ ഇൻഫ്ലുവൻസയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് ഇതിനും കണ്ടുവരുന്നത്.
- കഠിനമായ തൊണ്ടവേദന
- പനി
- ചുമ
- മൂക്കൊലിപ്പ്, മൂക്കടപ്പ്
- ക്ഷീണം
- തലവേദന, പേശി വേദന
- ശരീരക്കുളിര്
റഷ്യൻ വൈറോളജിസ്റ്റ് എലീന മാലിനിക്കോവയുടെ അഭിപ്രായത്തിൽ, തീവ്രമായ തൊണ്ടവേദന, രോഗം ഭേദമായ ശേഷവും നിലനിൽക്കുന്ന അമിതമായ ക്ഷീണം എന്നിവയാണ് ഈ വകഭേദത്തിന്റെ പ്രത്യേക ലക്ഷണങ്ങളായി ചിലർ റിപ്പോർട്ട് ചെയ്യുന്നത്.
കാനഡയ്ക്ക് പുറമെ അമേരിക്ക, സ്പെയിൻ, ഫ്രാൻസ്, ഇസ്രായേൽ, സിംഗപ്പൂർ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും PJ.2.1 സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഒന്റാറിയോയിൽ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടന്ന ജനിതക പരിശോധനകളിൽ ഈ വകഭേദത്തിന്റെ സാന്നിധ്യം വർധിക്കുന്നതായി കണ്ടെത്തിയിരുന്നു. ലോകാരോഗ്യ സംഘടന ഈ വകഭേദത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. PJ.2.1-ന്റെ സ്പൈക്ക് പ്രോട്ടീനുകൾക്ക് മനുഷ്യകോശങ്ങളിലെ ACE2 റിസപ്റ്ററുകളുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയുന്നത് ഇത് കൂടുതൽ വേഗത്തിൽ പടരാൻ സഹായിച്ചേക്കാമെന്നാണ് നിഗമനം. ലബോറട്ടറി പഠനങ്ങളിൽ ഈ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്ന് സൂചനയുണ്ടെങ്കിലും, യഥാർത്ഥ സാഹചര്യങ്ങളിൽ ഇതിന്റെ വ്യാപനശേഷി എത്രത്തോളമുണ്ടെന്ന് കണ്ടെത്താനുള്ള പഠനങ്ങൾ തുടരുകയാണ്. LP.8.1 അഡാപ്റ്റഡ് കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ നിന്നുള്ള ആന്റിബോഡികൾക്ക് PJ.2.1 വകഭേദത്തെ നിർവീര്യമാക്കാൻ (neutralise) കഴിയുമെന്ന് ലബോറട്ടറി പരിശോധനകളിൽ തെളിഞ്ഞിട്ടുണ്ട്. LP.8.1 വൈറസ് വകഭേദത്തെ അപേക്ഷിച്ച് 1.8 മടങ്ങ് കുറഞ്ഞ സംരക്ഷണമേ ഇത് നൽകുന്നുള്ളുവെങ്കിലും, വാക്സിൻ നൽകുന്ന പ്രതിരോധത്തെ പൂർണ്ണമായും മറികടക്കാൻ ഈ വകഭേദത്തിന് കഴിയില്ലെന്നത് ആശ്വാസകരമാണ്. എന്നിരുന്നാലും, കൂടുതൽ അപകടസാധ്യതയുള്ളവരും വയോധികരും ആരോഗ്യപ്രശ്നങ്ങളുള്ളവരും വാക്സിൻ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു.