ഓണാഘോഷത്തിന്റെ സന്തോഷം മാറും മുൻപേ ഞെട്ടിക്കുന്ന കൊലപാതകം; രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു, സുഹൃത്തായ മലയാളി യുവതി അറസ്റ്റിൽ, വിറങ്ങലിച്ച് പ്രവാസി മലയാളികൾ

അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി സമൂഹം ഞെട്ടലിൽ. ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന അടുത്ത സുഹൃത്തുക്കളായ അഞ്ജന ഹരി (35), ആൻ മേരി മാത്യു (40) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തും അതേ അപ്പാർട്മെന്റ് സമുച്ചയത്തിലെ താമസക്കാരിയുമായ അനിലയെ (32) പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. കാലിഫോർണിയയിലെ മിൽപിറ്റാസിലെ ഡിക്സൺ ലാൻഡിങ് റോഡിലുള്ള മിൽ ക്രീക്ക് അപ്പാർട്മെന്റ് സമുച്ചയത്തിലാണ് സംഭവം. തൃശൂർ മണ്ണുത്തി സ്വദേശിനിയായ അഞ്ജനയും തിരുവനന്തപുരം സ്വദേശിനിയായ ആൻ മേരി മാത്യുവും കുടുംബസമേതം ഇവിടെ താമസിച്ചുവരികയായിരുന്നു. മൂന്നുപേരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും അടുത്തിടെ ഓണാഘോഷത്തിൽ ഒരുമിച്ച് പങ്കെടുത്തിരുന്നതായും റിപ്പോർട്ടുകളുണ്ട്.

ഓഗസ്റ്റ് 28-നാണ് ദാരുണമായ സംഭവം നടന്നത്. പ്രാഥമിക വിവരങ്ങൾ പ്രകാരം, ആൻ മേരി മാത്യുവിനെ അപ്പാർട്മെന്റിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് അഞ്ജനയെ പാർക്കിങ് മേഖലയിലേക്ക് വിളിച്ചുവരുത്തിയ ശേഷം വാഹനം ഇടിപ്പിച്ചെന്നാണ് അന്വേഷണത്തിൽ പുറത്തുവന്ന പ്രാഥമിക വിവരം. സംഭവസ്ഥലത്ത് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ അഞ്ജന മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് നീല നിറത്തിലുള്ള എസ്‌യുവി കണ്ടെത്തിയതിനെ തുടർന്ന് അതേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന അനിലയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. പാർക്കിങ് സ്ഥലത്ത് അഞ്ജനയെ വാഹനം ഇടിച്ചതിന് ദൃക്സാക്ഷികളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഓണാഘോഷത്തിൽ ദിവസങ്ങൾക്കുമുമ്പ് സന്തോഷത്തോടെ ഒരുമിച്ച് പങ്കെടുത്തിരുന്ന അടുത്ത സുഹൃത്തുക്കൾക്കിടയിൽ എന്താണ് സംഭവിച്ചതെന്നത് ഇപ്പോഴും ദുരൂഹമാണ്. കേസിൽ സമഗ്ര അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തിന്റെ യഥാർഥ കാരണവും പശ്ചാത്തലവും കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *