ശമ്പളം നൽകാൻ ഇനി പേപ്പർ വർക്കുകളും ബാങ്കുകളിൽ കയറിയിറക്കവും വേണ്ട! യുഎഇയിൽ ശമ്പള വിതരണം ഇനി കൂടുതൽ വേഗത്തിൽ; പ്രവാസികൾക്കും തൊഴിലുടമകൾക്കും ആശ്വാസമാകുന്ന ഡിജിറ്റൽ മാറ്റങ്ങൾ എന്തൊക്കെ?

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്ന വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (WPS) കൂടുതൽ ലളിതവും വേഗമേറിയതുമാക്കി മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം. തൊഴിലുടമകളുടെ രജിസ്ട്രേഷൻ നടപടികൾ എളുപ്പമാക്കുക, വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, ശമ്പളവിതരണം സുഗമമാക്കുക എന്നിവയാണ് നവീകരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. 2025 ഡിസംബറിൽ ആരംഭിച്ച പരിഷ്കരണങ്ങളുടെ തുടർച്ചയായാണ് പുതിയ മാറ്റങ്ങൾ. യുഎഇ സെൻട്രൽ ബാങ്കിന്റെയും അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന സംവിധാനത്തിൽ, തൊഴിലുടമകൾക്ക് ഇനി രജിസ്ട്രേഷനായി രേഖകൾ സമർപ്പിക്കാനോ ബാങ്കുകളിലും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലും നേരിട്ട് പോകാനോ ആവശ്യമില്ല. മന്ത്രാലയത്തിന്റെ സംവിധാനവുമായി ബന്ധിപ്പിച്ച ബാങ്കുകൾ വഴി ഡിജിറ്റലായി നടപടികൾ പൂർത്തിയാക്കാം.

അത്യാധുനിക എപിഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ വിവരങ്ങൾ സുരക്ഷിതമായി കൈമാറാനും ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് ശമ്പളം സമയബന്ധിതമായി എത്തിക്കാനും സാധിക്കും. ഇതോടെ രജിസ്ട്രേഷൻ നടപടികളിലെ കാലതാമസവും അനാവശ്യമായ കടലാസ് ജോലികളും കുറയ്ക്കാനാകും. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി ഏഴ് ബാങ്കുകളും എക്സ്ചേഞ്ച് സ്ഥാപനങ്ങളും കൂടി പദ്ധതിയിൽ പങ്കാളികളായി. ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്സ് എൻബിഡി, ദുബായ് ഇസ്ലാമിക് ബാങ്ക്, മഷ്‌റെക് ബാങ്ക്, അജ്മാൻ ബാങ്ക്, ലാറി എക്സ്ചേഞ്ച്, ഫസ്റ്റ് ഗൾഫ് എക്സ്ചേഞ്ച് സെന്റർ എന്നിവയാണ് പുതിയ പങ്കാളികൾ. ഇതോടെ ഡബ്ല്യുപിഎസുമായി സഹകരിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 17 ആയി.

നിലവിൽ യുഎഇയിലെ സ്വകാര്യ മേഖലയിലെ 99 ശതമാനത്തിലധികം തൊഴിലാളികളും വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിന്റെ പരിധിയിലാണുള്ളത്. പ്രതിമാസം ശരാശരി 3,700 കോടി ദിർഹമാണ് ഈ സംവിധാനത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്. സർക്കാർ സേവനങ്ങളിലെ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും ഡിജിറ്റൽ സാമ്പത്തിക സുതാര്യത വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന ഈ പരിഷ്കാരം യുഎഇയുടെ ‘വി ദ യുഎഇ 2031’ വികസന കാഴ്ചപ്പാടിന്റെ ഭാഗമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *