വിശ്വസിച്ച് ഏൽപ്പിച്ച താക്കോൽ ഉപയോഗിച്ച് സേഫ് തുറന്നു; സ്വർണ്ണക്കട്ടിയും പണവും മോഷ്ടിച്ചു; യുഎഇയിൽ സെയിൽസ്മാന് തടവുശിക്ഷ

ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽനിന്ന് വൻതുക പണവും സ്വർണക്കട്ടിയും മോഷ്ടിച്ച സെയിൽസ്മാന് തടവുശിക്ഷയും സാമ്പത്തിക ബാധ്യതകളും വിധിച്ച് യുഎഇ കോടതി. 21 ലക്ഷം ദിർഹം പണവും ആറു ലക്ഷം ദിർഹം വിലമതിക്കുന്ന സ്വർണക്കട്ടിയുമാണ് ഇയാൾ മോഷ്ടിച്ചത്. മോഷ്ടിച്ച പണത്തിന്റെയും സ്വർണത്തിന്റെയും മൂല്യമായ 31 ലക്ഷം ദിർഹം തിരികെ നൽകുന്നതിനൊപ്പം സ്ഥാപനത്തിന് രണ്ടു ലക്ഷം ദിർഹം നഷ്ടപരിഹാരവും നൽകണമെന്ന് ദുബായ് സിവിൽ കോടതി ഉത്തരവിട്ടു. കോടതി ചെലവുകളും അഭിഭാഷക ഫീസും പ്രതി വഹിക്കണം. സ്ഥാപനത്തിൽ മറ്റ് ജീവനക്കാരില്ലാത്ത സമയം നോക്കിയായിരുന്നു മോഷണം. ജോലിയുടെ ഭാഗമായി കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് സേഫ് തുറന്ന പ്രതി പണവും സ്വർണക്കട്ടിയും ബാഗിലാക്കി സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.

സംഭവത്തിൽ നടത്തിയ അന്വേഷണത്തിനിടെ സിസിടിവി ദൃശ്യങ്ങളും ഫൊറൻസിക് റിപ്പോർട്ടുകളും നിർണായക തെളിവുകളായി. ക്രിമിനൽ കോടതി നേരത്തേ വിധിച്ച തടവും മോഷ്ടിച്ച വസ്തുക്കളുടെ മൂല്യത്തിന് തുല്യമായ പിഴയും അപ്പീൽ കോടതിയും ശരിവച്ചു. മോഷ്ടിച്ച പണവും സ്വർണവും തിരിച്ചുപിടിക്കുന്നതിനൊപ്പം 10 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സ്ഥാപനം സിവിൽ കോടതിയെ സമീപിച്ചത്. ഇതിലാണ് 31 ലക്ഷം ദിർഹം തിരിച്ചുനൽകാനും രണ്ടു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *