
യുഎഇയിലേക്ക് യാത്ര ചെയ്യുന്നവരും രാജ്യത്ത് താമസിക്കുന്നവരുമായ ഇന്ത്യക്കാർ മതിയായ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് അബുദബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും നിർദേശിച്ചു. അപ്രതീക്ഷിതമായി ആരോഗ്യപ്രശ്നങ്ങളുണ്ടാകുമ്പോൾ ഇൻഷുറൻസ് ഇല്ലെങ്കിൽ ചികിത്സയ്ക്കായി വലിയ തുക സ്വന്തം കൈയിൽ നിന്ന് ചെലവഴിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് അധികൃതരുടെ നിർദേശം. പ്രത്യേകിച്ച് യുഎഇയിലേക്ക് സന്ദർശക, ടൂറിസ്റ്റ് വീസയിൽ എത്തുന്നവർ യാത്രയ്ക്ക് മുൻപുതന്നെ അനുയോജ്യമായ മെഡിക്കൽ ഇൻഷുറൻസ് എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. അടിയന്തര ചികിത്സയ്ക്കുള്ള ചെലവുകൾക്കൊപ്പം ആവശ്യമെങ്കിൽ രോഗിയെ നാട്ടിലേക്ക് മാറ്റുന്നതിനുള്ള ചെലവും പോളിസിയിൽ ഉൾപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും എംബസി നിർദേശിച്ചു.
തൊഴിൽ വീസയിൽ യുഎഇയിൽ കഴിയുന്ന ഇന്ത്യക്കാരും ആശ്രിതരും നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷ മതിയായതാണോ എന്ന് പരിശോധിക്കണം. യുഎഇയിലെ ചികിത്സാ ചെലവുകൾക്ക് പുറമെ അടിയന്തര സാഹചര്യങ്ങളിൽ നാട്ടിലേക്ക് മാറ്റുന്നതിനുള്ള പരിരക്ഷയും ഉണ്ടാകുന്നത് പ്രധാനമാണെന്ന് അധികൃതർ വ്യക്തമാക്കി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി സോഷ്യൽ മീഡിയയിലൂടെയാണ് ഇന്ത്യൻ മിഷനുകൾ നിർദേശം നൽകിയത്. തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി കുറഞ്ഞ ചെലവിലുള്ള ഇൻഷുറൻസ്, ലൈഫ് പ്രൊട്ടക്ഷൻ പദ്ധതികളിൽ ജീവനക്കാരെ ഉൾപ്പെടുത്താൻ തൊഴിലുടമകളും ശ്രദ്ധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t