ഇന്ത്യൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യം: അബുദാബിയിൽ നിന്ന് ഇവിടേക്കുള്ള നേരിട്ടുള്ള വിമാനങ്ങൾ തുടങ്ങി

Air India Express India flights; യുഎഇ തലസ്ഥാനമായ അബുദാബിയിൽ നിന്ന് പഞ്ചാബിലെ അമൃത്സറിലേക്ക് നേരിട്ടുള്ള പുതിയ സർവീസുകൾ ആരംഭിച്ചും ഗോവയിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചും എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യയും അബുദാബിയും തമ്മിലുള്ള വ്യോമബന്ധവും യാത്രാസൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഒക്ടോബർ 25 മുതലാണ് ഇരു സർവീസുകളും ആരംഭിച്ചത്. സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലാണ് ഈ സർവീസുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്ന് അബുദാബി എയർപോർട്സ് അറിയിച്ചു. പഞ്ചാബിലെ പ്രധാന വാണിജ്യ-സാംസ്കാരിക കേന്ദ്രമായ അമൃത്സറിലേക്കും പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗോവയിലേക്കുമുള്ള സർവീസുകൾ വിനോദസഞ്ചാരികൾക്കും ബിസിനസ്സ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും കുടുംബങ്ങളെ സന്ദർശിക്കുന്ന പ്രവാസികൾക്കും വലിയ ആശ്വാസമാകും. പുതിയ സർവീസുകൾ ഇന്ത്യയും യുഎഇയും തമ്മിലുള്ള സാംസ്കാരിക, സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ അബുദാബിയിൽ നിന്നുള്ള സാന്നിധ്യം വലിയ തോതിലാണ് എയർ ഇന്ത്യ എക്സ്പ്രസ് വിപുലീകരിച്ചത്. 2025 മുതൽ ഗുവാഹത്തി, ഇൻഡോർ, ഹൈദരാബാദ്, ലഖ്‌നൗ, നവി മുംബൈ, പൂനെ എന്നീ നഗരങ്ങളിലേക്കും അബുദാബിയിൽ നിന്ന് കമ്പനി സർവീസുകൾ ആരംഭിച്ചിരുന്നു. അമൃത്സർ കൂടി ഉൾപ്പെടുകയും ഗോവ സർവീസ് പുനരാരംഭിക്കുകയും ചെയ്തതോടെ, അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ട് സർവീസ് നടത്തുന്ന ഇന്ത്യൻ നഗരങ്ങളുടെ എണ്ണം 17 ആയി ഉയർന്നു. നിലവിൽ ആഴ്ചയിൽ ഏകദേശം 160 വിമാനങ്ങളാണ് അബുദാബിക്കും ഇന്ത്യയ്ക്കുമിടയിൽ എയർലൈൻ ഓപ്പറേറ്റ് ചെയ്യുന്നത്. കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളായ കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നിവയ്ക്ക് പുറമെ ബെംഗളൂരു, ഡൽഹി, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നീ നഗരങ്ങളിലേക്കും അബുദാബിയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകളുണ്ട്. അബുദാബിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ് ഇന്ത്യയെന്നും, പുതിയ സർവീസുകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നും അബുദാബി എയർപോർട്സ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ കാർസ്റ്റൺ നോർലാൻഡ് പറഞ്ഞു. എയർലൈനിന്റെ ആഗോള ശൃംഖലയിൽ അബുദാബിയുടെ പ്രാധാന്യം വർദ്ധിക്കുന്നതിന്റെ തെളിവാണ് പുതിയ സർവീസുകളെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാനും എയർ ഇന്ത്യ സിസിഒയുമായ നിപുൺ അഗർവാൾ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *