
Artificial Intelligence Dubai; ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയുടെ കേന്ദ്രബിന്ദുവായി മാറാൻ ദുബായ്. അടുത്ത നാല് വർഷത്തിനുള്ളിൽ 1,000 മുൻനിര എഐ കമ്പനികളെ നഗരത്തിലെത്തിക്കാനും 5,000 ഉന്നത തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള ബൃഹത്തായ പദ്ധതിക്ക് ദുബായ് ഭരണകൂടം അംഗീകാരം നൽകി. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ വികസന ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചത്. നേരത്തെ നിശ്ചയിച്ചിരുന്ന ലക്ഷ്യം കാലാവധിക്ക് രണ്ടു വർഷം മുൻപേ പൂർത്തിയാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ദുബായ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 2024 മെയ് മാസത്തിൽ ആരംഭിച്ച ‘ദുബായ് എഐ ക്യാംപസ്’ ഇതിനകം 500-ലധികം സ്റ്റാർട്ടപ്പുകൾക്ക് ആസ്ഥാനമായി മാറുകയും, 2,000-ലധികം സാങ്കേതിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഈ കമ്പനികൾ ഇതിനോടകം 100 കോടി ദിർഹത്തിലധികം നിക്ഷേപം (1 Billion AED) സമാഹരിച്ചു എന്നത് എഐ മേഖലയിൽ ദുബായ്ക്കുള്ള സ്വാധീനം വ്യക്തമാക്കുന്നു. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന്റെ (DIFC) കീഴിൽ പ്രവർത്തിക്കുന്ന എഐ ക്യാംപസ് കൂടുതൽ വിപുലീകരിക്കാൻ നടപടികൾ തുടങ്ങി. ഡിഐഎഫ്സി സബീൽ ഡിസ്ട്രിക്റ്റിൽ ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള അത്യാധുനിക മന്ദിരം നിർമ്മാണത്തിലാണ്. പുതിയ എഐ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും പരീക്ഷിക്കാനുമുള്ള ആധുനിക ലാബുകളും, നിക്ഷേപകർക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക ഗവേഷണ കേന്ദ്രങ്ങളും ഈ കെട്ടിടത്തിലുണ്ടാകും. മൂന്നാമത് ദുബായ് എഐ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവേളയിലാണ് ഷെയ്ഖ് ഹംദാൻ ഈ സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. 100-ലധികം രാജ്യങ്ങളിൽ നിന്നായി 20,000-ത്തിലധികം പ്രതിനിധികളാണ് ഫെസ്റ്റിവലിൽ പങ്കെടുത്തത്. എഐ മേഖലയിലെ പുതിയ മാറ്റങ്ങളും, തൊഴിൽ വിപണിയിലെ സാധ്യതകളും സമ്മേളനത്തിൽ ചർച്ചയായി. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t