കുവൈത്ത് സിറ്റി: മാലിന്യക്കൂമ്പാരത്തിൽ ഇന്ത്യക്കാരനായ പ്രവാസിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹപ്രവർത്തകനായ മറ്റൊരു ഇന്ത്യക്കാരനെ കുവൈത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിൽ തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മന്ത്രാലയത്തിന് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ എവിഡൻസ് വിഭാഗം സംഭവസ്ഥലത്തെത്തി മൃതദേഹം ഏറ്റെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഫൊറൻസിക് പരിശോധനയ്ക്കായി കൈമാറി. മൃതദേഹം കണ്ടെത്തിയ മാലിന്യശേഖരണ കേന്ദ്രത്തിന് തൊട്ടടുത്തുള്ള മുറിയിലാണ് മരിച്ചയാൾ താമസിച്ചിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടെ താമസിച്ചിരുന്ന ഇന്ത്യൻ സ്വദേശിയായ സഹപ്രവർത്തകനെ സുരക്ഷാസേന കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മരിക്കുന്നതിന് മുൻപ് സഹപ്രവർത്തകൻ ചില മരുന്നുകൾ കഴിച്ചിരുന്നെന്നും, അത് കഴിച്ചതാണ് മരണത്തിന് കാരണമായതെന്നുമാണ് കസ്റ്റഡിയിലുള്ളയാൾ നൽകിയ പ്രാഥമിക മൊഴി. സഹപ്രവർത്തകന്റെ മൊഴി പോലീസ് പൂർണ്ണമായി വിശ്വസിച്ചിട്ടില്ല. മരണത്തിന്റെ യഥാർത്ഥ കാരണം സ്വാഭാവികമാണോ അതോ മറ്റ് എന്തെങ്കിലും ദുരൂഹതകൾ ഉണ്ടോ എന്ന് വ്യക്തമാകാൻ ഫൊറൻസിക് റിപ്പോർട്ട് പുറത്തുവരേണ്ടതുണ്ട്. ഫൊറൻസിക് പരിശോധനാ ഫലം ലഭിച്ച ശേഷമേ കൂടുതൽ നിയമനടപടികളിലേക്ക് കടക്കൂ എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.