12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇരട്ടക്കുഞ്ഞുങ്ങൾ; അമ്മയുടെ മരണം തീർത്തത് തീരാനൊമ്പരം, കുടുംബത്തിന് താങ്ങായി ദുബായ് പൊലീസ്!

ദുരന്തത്തിൽ തകർന്ന കുടുംബത്തിന് കൈത്താങ്ങായി ദുബായ് പൊലീസ്; അന്തരിച്ച മുൻ വനിതാ ജീവനക്കാരിയുടെ ഭർത്താവിനും സഹോദരിക്കും ജോലി വാഗ്ദാനം

ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിന് പിന്നാലെ മരിച്ച മുൻ വനിതാ പൊലീസ് ജീവനക്കാരിയുടെ കുടുംബത്തിന് ആശ്വാസമായി ദുബായ് പൊലീസ്. മർവ അഹ്മദ് അൽ അമിൻ ബഖിത് (36) എന്ന യുവതിയുടെ അപ്രതീക്ഷിത വിയോഗത്തിൽ പ്രതിസന്ധിയിലായ കുടുംബത്തെ ചേർത്തുപിടിച്ചാണ് പൊലീസ് അധികൃതരുടെ ഇടപെടൽ. കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭർത്താവ് ഒത്മാൻ അഹ്മദ് മുഹമ്മദ് അൽ മക്കിക്കും മർവയുടെ ഇളയ സഹോദരി മഹയ്ക്കും ജോലി വാഗ്ദാനം ചെയ്തു.

സെപ്റ്റംബർ 23നാണ് അജ്മാനിലെ ആശുപത്രിയിൽ ഇരട്ടക്കുട്ടികളായ ഫഹദിനും ഫഹെദിനും ജന്മം നൽകിയതിന് പിന്നാലെ മർവ മരിച്ചത്. നീണ്ട 12 വർഷത്തെ കാത്തിരിപ്പിനുശേഷം മാതാപിതാക്കളാകുന്നതിന്റെ സന്തോഷത്തിലായിരുന്ന ദമ്പതികൾക്ക് ഈ വിയോഗം താങ്ങാനാകാത്ത ആഘാതമായി. കുട്ടികളുടെ വരവിനായി പ്രതീക്ഷയോടെ കാത്തിരുന്ന കുടുംബത്തെ ദുരന്തം കടുത്ത പ്രതിസന്ധിയിലാക്കി.

മരണവിവരമറിഞ്ഞ ഉടൻതന്നെ കുടുംബത്തിന് ആവശ്യമായ സഹായങ്ങളുമായി ദുബായ് പൊലീസ് രംഗത്തെത്തി. ആശുപത്രിയുമായി ബന്ധപ്പെട്ട നടപടികൾക്കും സംസ്കാര ചടങ്ങുകൾക്കും പിന്തുണ നൽകിയ അധികൃതർ, അജ്മാനിൽനിന്ന് മർവയുടെ മൃതദേഹം ദുബായിലെത്തിക്കുന്നതിനും നേതൃത്വം നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ അനുശോചനം അറിയിക്കാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും പൊലീസ് പ്രതിനിധികൾ നേരിട്ടെത്തി. മർവയുടെ വിയോഗത്തെത്തുടർന്ന് കുടുംബത്തിനുണ്ടായ സാമ്പത്തികവും മാനസികവുമായ പ്രതിസന്ധി കണക്കിലെടുത്താണ് ഭർത്താവിനും സഹോദരിക്കും ജോലി നൽകാൻ തീരുമാനിച്ചത്. മൂന്ന് തലമുറകളായി ദുബായ് പൊലീസുമായി ബന്ധമുള്ള കുടുംബത്തിനുള്ള പിന്തുണ കൂടിയാണിത്. “ഞങ്ങൾക്ക് താങ്ങും തണലും ഏറ്റവും ആവശ്യമായിരുന്ന സമയത്ത് അവർ ഒപ്പം നിന്നു” എന്നാണ് അൽ മക്കി ഗൾഫ് ന്യൂസിനോട് പ്രതികരിച്ചത്.

കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് എത്തിയ രണ്ട് കുഞ്ഞുങ്ങൾക്ക് അമ്മയെ നഷ്ടമായപ്പോൾ, ആ കുടുംബത്തിന് കരുതലിന്റെ കൈ നീട്ടിയ ദുബായ് പൊലീസിന്റെ നടപടി പ്രവാസികൾക്കിടയിലും ശ്രദ്ധ നേടുകയാണ്. ദുരന്തത്തിൽ തകർന്ന കുടുംബത്തെ ചേർത്തുപിടിച്ച ഈ ഇടപെടൽ മാനുഷിക പരിഗണനയുടെ മാതൃകയായും വിലയിരുത്തപ്പെടുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *