
ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നേരിടുന്നതിനൊപ്പം സ്ലീപ്പർ സെല്ലുകളുടെ സുരക്ഷാഭീഷണിയും യുഎഇക്ക് വെല്ലുവിളിയായിരുന്നുവെന്ന് ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്എൻസി) പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ സമിതി അധ്യക്ഷൻ ഡോ. അലി റാഷിദ് അൽ നുഐമി. ആക്രമണങ്ങളെ പ്രതിരോധിക്കുമ്പോഴും രാജ്യത്തെ ജനജീവിതം സാധാരണ നിലയിൽ മുന്നോട്ടുകൊണ്ടുപോകേണ്ടത് വലിയ ദൗത്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദുബൈയിൽ യുഎഇ കറസ്പോണ്ടന്റ്സ് മജ്ലിസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാന്റെ ആക്രമണങ്ങൾക്ക് പിന്തുണ നൽകുന്ന രീതിയിൽ പ്രവർത്തിക്കുന്ന സ്ലീപ്പർ സെല്ലുകളെക്കുറിച്ചും അൽ നുഐമി വെളിപ്പെടുത്തി. തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് സമീപമുള്ള സുരക്ഷാ ഭീഷണികൾ കണ്ടെത്തി തടയുന്നതിനൊപ്പം പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാത്ത വിധത്തിൽ നടപടികൾ സ്വീകരിക്കാനും അധികൃതർ ശ്രദ്ധിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 28ന് ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചതിനു പിന്നാലെ യുഎഇയിലെ താമസക്കാർക്ക് മൊബൈൽ ഫോണുകളിൽ അടിയന്തര സുരക്ഷാ മുന്നറിയിപ്പുകൾ ലഭിച്ചിരുന്നു. സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറുക, വീടിനുള്ളിൽ കഴിയുക, ജനലുകളിൽനിന്നും തുറസ്സായ സ്ഥലങ്ങളിൽനിന്നും അകന്നുനിൽക്കുക തുടങ്ങിയ നിർദേശങ്ങളാണ് അധികൃതർ നൽകിയത്.
അതേസമയം, വിവിധ രാജ്യങ്ങളിൽനിന്നുള്ള ജനങ്ങൾ തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കം തെറ്റിദ്ധാരണകൾ അകറ്റാൻ സഹായിക്കുമെന്നും അൽ നുഐമി ചൂണ്ടിക്കാട്ടി. 2025ൽ പത്ത് ലക്ഷത്തോളം ഇസ്രായേലികൾ യുഎഇ സന്ദർശിച്ചതായും അദ്ദേഹം പറഞ്ഞു. അറബ് സമൂഹത്തെക്കുറിച്ച് മുൻവിധികളുമായെത്തുന്ന ഇസ്രായേലി സന്ദർശകർക്ക് എമിറാത്തികൾക്കും ഫലസ്തീനികൾ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിലെ ജനങ്ങൾക്കുമൊപ്പം ഇടപഴകുന്നതിലൂടെ പുതിയ കാഴ്ചപ്പാടുകൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ തമ്മിലുള്ള ഇത്തരം ഇടപെടലുകൾ പരസ്പര ധാരണയും അടുപ്പവും വളർത്താൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t