
തായ്ലൻഡിലെ ക്രാബിയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരുടെ പെരുമാറ്റം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വിമാനത്തിനുള്ളിൽ യാത്രക്കാർ കൂട്ടമായി എഴുന്നേറ്റ് നിൽക്കുകയും സീറ്റുകൾക്കിടയിലെ ഭാഗത്ത് നിന്ന് ഉച്ചത്തിൽ സംസാരിക്കുകയും ചെയ്ത സംഭവത്തിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. യാത്രക്കാരനായ നീരജ് പ്രിയങ്ക ചൗധരി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ ഉള്ളത്. വിമാനത്തിന്റെ മുൻഭാഗത്തെ നടപ്പാതയിൽ നിരവധി പേർ കൂട്ടമായി നിൽക്കുന്നതും ചിലർ സീറ്റുകളിൽ ചാരിനിന്ന് ബന്ധുക്കളുമായി സംസാരിക്കുന്നതും വീഡിയോയിൽ കാണാം.
ഒന്നാം നിരയിലും അഞ്ചാം നിരയിലുമുണ്ടായിരുന്ന യാത്രക്കാർ സീറ്റുകളിൽ നിന്ന് എഴുന്നേറ്റ് പരസ്പരം ഭക്ഷണം കൈമാറുകയും സംസാരിക്കുകയും ചെയ്തെന്നാണ് വീഡിയോ പങ്കുവെച്ചയാൾ പറയുന്നത്. വിമാനം കുലുങ്ങുന്ന സാഹചര്യങ്ങളിലും ജീവനക്കാർ സീറ്റ് ബെൽറ്റ് ധരിക്കാനുള്ള നിർദേശം നൽകിയിരുന്നെങ്കിലും ചിലർ അത് അവഗണിച്ചതായും അദ്ദേഹം ആരോപിക്കുന്നു. രണ്ട് കാബിൻ ക്രൂ അംഗങ്ങൾ യാത്രക്കാരോട് സീറ്റുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിട്ടും അവർ ഉടൻ അനുസരിച്ചില്ലെന്നും വീഡിയോയിൽ ഉന്നയിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടായതായും ആരോപണമുണ്ട്. വിമാനയാത്രയ്ക്കിടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നതിന്റെയും മറ്റുള്ള യാത്രക്കാരുടെ സൗകര്യം പരിഗണിക്കുന്നതിന്റെയും പ്രാധാന്യമാണ് സംഭവം വീണ്ടും ചർച്ചയാക്കുന്നത്. ഇത്തരം പെരുമാറ്റങ്ങൾ വിമാനസുരക്ഷയെ ബാധിക്കുന്ന സാഹചര്യമുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.