
ഒമാൻ തീരത്തിന് സമീപം വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ 11 ഇന്ത്യക്കാരുൾപ്പെടെ 12 ജീവനക്കാർക്ക് പരുക്ക്. പനാമ രജിസ്ട്രേഷനുള്ള ‘എം.ടി. ഓൺ പീസ്’ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് കപ്പലിന് നേരെ പ്രോജക്ടൈൽ പതിച്ചതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കപ്പലിൽ ആകെ 19 ജീവനക്കാരാണുണ്ടായിരുന്നത്. ഇതിൽ 17 പേർ ഇന്ത്യക്കാരാണ്. പരുക്കേറ്റവരെ ഒമാൻ അധികൃതരുടെ സഹായത്തോടെ അടിയന്തരമായി ഒഴിപ്പിച്ച് ഖസബിലെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
പ്രദേശത്ത് വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. കപ്പലുകൾക്കും ജീവനക്കാർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ ഗതാഗതവും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. പരുക്കേറ്റവരെ രക്ഷപ്പെടുത്തി ചികിത്സ ലഭ്യമാക്കാൻ സഹായിച്ച ഒമാൻ അധികൃതർക്ക് ഇന്ത്യ നന്ദി അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ വീണ്ടും ആശങ്കയാകുകയാണ്.