വിമാനടിക്കറ്റ് ഇനി കീശ കീറും! ഇന്ധനവില വീണ്ടും കുതിച്ചതോടെ ഗൾഫ് സർവീസുകൾക്ക് തിരിച്ചടി; പ്രവാസികളുടെ യാത്രാചെലവും കാർഗോ നിരക്കും ഉയർന്നേക്കും!

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്കിടെ വിമാന യാത്രാ ചെലവ് വീണ്ടും വർധിക്കാനുള്ള സാധ്യത. നിലവിൽ ഉയർന്നുനിൽക്കുന്ന ടിക്കറ്റ് നിരക്കുകൾക്ക് പിന്നാലെ വിമാന ഇന്ധനവിലയിലുണ്ടായ വൻ വർധന കൂടി വന്നതോടെ വിമാനക്കമ്പനികൾ നിരക്ക് ഉയർത്താൻ നിർബന്ധിതരായേക്കുമെന്നാണ് ആശങ്ക. ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചില എയർലൈൻസുകൾ നേരിട്ടുള്ള സർവീസുകളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനവും സ്വീകരിച്ചേക്കാം. ഇത് ഗൾഫ് രാജ്യങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന പ്രവാസികൾക്ക് പുറമെ പഴം, പച്ചക്കറി തുടങ്ങിയ ഉൽപന്നങ്ങൾ വിമാനമാർഗം കയറ്റുമതി ചെയ്യുന്ന കാർഗോ മേഖലയെയും ബാധിച്ചേക്കും. വിമാന ഇന്ധനവിലയിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ ലീറ്ററിന് 16 രൂപയുടെ ഒറ്റയടി വർധനയാണ്പ്ര ഖ്യാപിച്ചത്. ഇതോടെ വില 121 രൂപയിൽ നിന്ന് 137 രൂപയായി ഉയർന്നു. ഓഗസ്റ്റിൽ ലീറ്ററിന് 5 രൂപയും സെപ്റ്റംബറിൽ 6.28 രൂപയും വർധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ വർധന.
വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിൽ വലിയൊരു പങ്കും ഇന്ധനത്തിനായതിനാൽ, ഇന്ധനവിലയിലെ വർധനയുടെ ഒരു ഭാഗം ടിക്കറ്റ് നിരക്കിൽ പ്രതിഫലിക്കാനുള്ള സാധ്യത കൂടുതലാണ്. യാത്രാ ചെലവ് കൂടുന്നതോടെ ടൂറിസം, ബിസിനസ് യാത്രകൾ എന്നിവയിലും കുറവുണ്ടാകാമെന്നാണ് വിലയിരുത്തൽ.

നേരിട്ടുള്ള സർവീസുകൾക്കും തിരിച്ചടി

ടിക്കറ്റ് നിരക്ക് ഉയരുന്നതോടെ യാത്രക്കാരുടെ എണ്ണം കുറയുന്ന റൂട്ടുകളിൽ നേരിട്ടുള്ള സർവീസുകൾ എയർലൈൻസുകൾ പുനഃപരിശോധിച്ചേക്കാം. ലാഭകരമല്ലാത്ത ഡയറക്ട് ഫ്ലൈറ്റുകൾ വെട്ടിക്കുറച്ച് മറ്റ് നഗരങ്ങൾ വഴിയുള്ള കണക്റ്റിംഗ് സർവീസുകൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും സാധ്യതയുണ്ട്.
ഇതിന്റെ ഭാഗമായി നേരിട്ടുള്ള സർവീസുകൾക്ക് പകരം മറ്റൊരു നഗരത്തിൽ കണക്ഷൻ ലഭിക്കുന്ന റൂട്ടുകളെ യാത്രക്കാർക്ക് ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടായേക്കാം.

പഴം–പച്ചക്കറി കയറ്റുമതിക്കും വെല്ലുവിളി

വേഗത്തിൽ കേടാകുന്ന നേന്ത്രപ്പഴം ഉൾപ്പെടെയുള്ള പഴങ്ങളും പച്ചക്കറികളും കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് വലിയ തോതിൽ അയക്കുന്നത് വിമാന കാർഗോ വഴിയാണ്. ഇന്ധനച്ചെലവ് ഉയരുന്നതോടെ വിമാനമാർഗമുള്ള ചരക്കുനീക്കത്തിന്റെ ചെലവും വർധിക്കും. ഇത് കയറ്റുമതിക്കാർക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതിനൊപ്പം ഗൾഫ് വിപണിയിലെ കേരളത്തിന്റെ പഴം–പച്ചക്കറി വിതരണത്തെയും ബാധിക്കാനുള്ള സാധ്യതയുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *