Deported Malayali MDMA Smuggling കോഴിക്കോട്: കാറിന്റെ ഡാഷ് ബോർഡിൽ രഹസ്യമായി ഒളിപ്പിച്ച് കടത്തുകയായിരുന്ന 7 ലക്ഷം രൂപ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഒളവണ്ണ സ്വദേശി കെ.സി. നവാസിനെയാണ് (34) കോഴിക്കോട് സിറ്റി ഡാൻസാഫും പന്നിയങ്കര പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് 168 ഗ്രാം എംഡിഎംഎയ്ക്ക് പുറമെ ലഹരി കടത്താൻ ഉപയോഗിച്ച കാർ, ഡിജിറ്റൽ ത്രാസ്, ഗ്ലാസ് ട്യൂബുകൾ എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തു. സിറ്റി നർകോട്ടിക് സെൽ എസിപി പി.സി. ചാക്കോ, പന്നിയങ്കര എസ്ഐ എം.കെ. ഭവിത എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. മുൻപ് വിദേശത്തായിരുന്ന പ്രതി ലഹരി ഉപയോഗിച്ചതിനെ തുടർന്ന് ഖത്തറിൽ 4 ദിവസം ജയിൽവാസം അനുഭവിച്ചയാളാണ്. തുടർന്നാണ് അധികൃതർ ഡി-പാസ്പോർട്ട് ചെയ്ത് ഇയാളെ നാട്ടിലേക്ക് നാടുകടത്തിയത്. പിടിക്കപ്പെടാതിരിക്കാൻ സ്വന്തം ജില്ലയായ കോഴിക്കോട്ട് വിൽപന നടത്താതെ അയൽ ജില്ലകളിലാണ് ഇയാൾ ലഹരി എത്തിച്ചിരുന്നത്. ലഹരിക്കടത്തിന്റെ രീതികൾ ഇങ്ങനെയായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നേരിട്ട് പോയി ലഹരി എത്തിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടും എന്നതിനാൽ, വിദേശത്തുള്ള സൗഹൃദങ്ങൾ ഉപയോഗിച്ച് ബെംഗളൂരുവിൽ നിന്ന് ലഹരി കേരള-കർണാടക അതിർത്തിയായ മടിക്കേരിയിലെത്തിക്കും. മടിക്കേരിയിൽ നിന്ന് കോഴിക്കോട് എത്തിച്ച ശേഷമാണ് മറ്റ് ജില്ലകളിലെ ഏജന്റുമാർക്ക് കൈമാറിയിരുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടന്ന കർശന പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഇയാൾക്ക് അന്തർസംസ്ഥാന ശൃംഖല വഴി ലഹരി എത്തിച്ചു നൽകുന്നവരെക്കുറിച്ചും വാങ്ങുന്നവരെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പന്നിയങ്കര ഇൻസ്പെക്ടർ സജു എബ്രഹാം അറിയിച്ചു. എഎസ്ഐമാരായ പ്രഹ്ലാദൻ, സുനിൽകുമാർ, ഡാൻസാഫ് എസ്ഐ മനോജ് ഇടയേടത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Home
UAE
Deported Malayali MDMA Smuggling: കാറിന്റെ ഡാഷ് ബോർഡിൽ ഏഴ് ലക്ഷത്തിന്റെ എംഡിഎംഎ: ഗള്‍ഫില്‍ നിന്ന് നാടുകടത്തപ്പെട്ട മലയാളി യുവാവ് പിടിയിൽ
Related Posts
Etihad Rail Dubai Metro Link: യുഎഇ യാത്രാ മേഖലയിൽ ചരിത്രം കുറിച്ച് ഇത്തിഹാദ് റെയിൽ; മെട്രോ, ബസ് ശൃംഖലകളുമായുള്ള ഏകോപനം വഴിത്തിരിവാകും
Emirates Flight Diverted: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം: ദുബായില്‍ നിന്ന് പറന്ന വിമാനം അടിയന്തരമായിറക്കി