
2026–27 അധ്യയന വർഷം മുതൽ ദുബായിലെ സ്കൂളുകളിലെ കെജി, ഗ്രേഡ് 1 പ്രവേശനത്തിന് പുതിയ പ്രായപരിധി നിലവിൽ വന്നു. ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകളിൽ പ്രവേശനത്തിനുള്ള കട്ട് ഓഫ് തീയതി ഓഗസ്റ്റ് 31ൽ നിന്ന് ഡിസംബർ 31ലേക്കാണ് മാറ്റിയത്. അതേസമയം, നിലവിൽ സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളെ പുതിയ പ്രായപരിധി ബാധിക്കില്ല. 2025–26 അധ്യയന വർഷത്തിൽ പ്രവേശനത്തിന് അർഹത നേടാതിരുന്ന 2021 സെപ്റ്റംബർ 1 മുതൽ ഡിസംബർ 31 വരെ ജനിച്ച കുട്ടികൾക്ക് 2026–27ൽ കെജി 1 അല്ലെങ്കിൽ കെജി 2 തിരഞ്ഞെടുക്കുന്നതിനും പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്. ഏപ്രിലിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ കരിക്കുലം സ്കൂളുകളിൽ പ്രവേശനത്തിനുള്ള കട്ട് ഓഫ് തീയതി മാർച്ച് 31 ആയി തുടരും. അതിനാൽ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഈ തീയതി തന്നെയായിരിക്കും പരിഗണിക്കുക.
അതേസമയം, മറ്റൊരു സ്കൂളിൽ നിന്ന് ദുബായിലെ സ്കൂളിലേക്ക് മാറുന്ന കുട്ടികളെയോ വിദേശത്തുനിന്ന് ദുബായിലെത്തുന്ന വിദ്യാർഥികളെയോ പുതിയ പ്രായപരിധി മാത്രം അടിസ്ഥാനമാക്കി ക്ലാസ് നിശ്ചയിക്കില്ല. കുട്ടി മുമ്പ് പൂർത്തിയാക്കിയ ക്ലാസും അംഗീകൃത സർട്ടിഫിക്കറ്റുകളുടെ തുല്യതാ നടപടികളും പരിശോധിച്ച ശേഷമായിരിക്കും പ്രവേശന ക്ലാസ് തീരുമാനിക്കുക. പുതിയ പ്രവേശന പ്രായ മാനദണ്ഡങ്ങൾ 2026–27 അധ്യയന വർഷം മുതൽ യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t