
The Wadi Abu Dhabi; അബുദാബിയിലെ യാസ് ഐലൻഡിൽ യാത്രാവേളകളിൽ വാഹനങ്ങളുടെ ബുദ്ധിമുട്ടുകളില്ലാതെ കാൽനടയായും സൈക്കിളിലും സഞ്ചരിക്കാൻ കഴിയുന്ന പുതിയ റെസിഡൻഷ്യൽ കമ്മ്യൂണിറ്റി വരുന്നു. 6 ബില്യൺ ദിർഹം ചെലവ് വരുന്ന ‘വാദി’ എന്ന പദ്ധതിയുടെ വിവരങ്ങൾ ഡെവലപ്പർമാർ പുറത്തുവിട്ടു. കോസ്മോ ഡെവലപ്‌മെന്റ്‌സ് ആണ് ഈ പദ്ധതിക്ക് പിന്നിൽ. 140,700 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ പദ്ധതിയിൽ കാറുകളും പാർക്കിങ് സൗകര്യങ്ങളും ഭൂഗർഭത്തിലേക്ക് മാറ്റാനാണ് തീരുമാനം. ഇതോടെ ഉപരിതലത്തിൽ വാഹനങ്ങളുടെ ശല്യമില്ലാതെ ആളുകൾക്ക് സ്വതന്ത്രമായി നടക്കാനും സൈക്കിൾ ചവിട്ടാനും സാധിക്കും. കമ്മ്യൂണിറ്റിക്കുള്ളിലൂടെ ഏകദേശം 6 കിലോമീറ്റർ നീളമുള്ള ഓട്ടപ്പാതയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കുമുള്ള പാതകൾ, ഹരിതഭംഗി തുളുമ്പുന്ന പ്രദേശങ്ങൾ, ജലാശയങ്ങൾ, പാർക്കുകൾ, സെൻട്രൽ വാലി എന്നിവയും ഇവിടെ ഒരുക്കും. യാസ് കനാലിനോട് ചേർന്നാണ് ഈ പദ്ധതി സ്ഥിതി ചെയ്യുന്നത്. സ്റ്റുഡിയോ അപ്പാർട്ടുമെന്റുകൾ, 1, 2, 3 ബെഡ്‌റൂം അപ്പാർട്ടുമെന്റുകൾ എന്നിവയുൾപ്പെടെ ആകെ 3,950 റെസിഡൻഷ്യൽ യൂണിറ്റുകളാണ് ഇവിടെ ഉണ്ടാകുക. ഇതിനുപുറമെ വാണിജ്യ, വിനോദ, കായിക, ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളും ഇവിടെ പ്രവർത്തിക്കും. കുട്ടികളുള്ള കുടുംബങ്ങൾക്ക് സുരക്ഷിതവും നടന്നുപോകാൻ അനുയോജ്യവുമായ ഒരു അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കാറുകൾ ഭൂഗർഭത്തിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് കോസ്മോ ഡെവലപ്‌മെന്റ്‌സിന്റെ മാനേജിംഗ് ഡയറക്ടറും റിപ്പോർട്ടേജ് ഗ്രൂപ്പിന്റെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ആൻഡ്രിയ നുസേറ പറഞ്ഞു. കനാൽ, മരങ്ങൾ, പുൽത്തകിടികൾ എന്നിവയോട് ചേർന്ന് വാഹനങ്ങളുടെ ശല്യമില്ലാതെ പൂർണ്ണമായും പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ഈ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസ്റ്റർ പ്ലാനിന്റെ ഭാഗമായി റെസ്റ്റോറന്റുകൾ, റീട്ടെയിൽ ഇടങ്ങൾ, ടെന്നീസ് ക്ലബ്ബുകൾ, ജിമ്മുകൾ, സ്പാകൾ, കുട്ടികൾക്കായുള്ള പ്രത്യേക ഇടങ്ങൾ എന്നിവയും സജ്ജീകരിക്കും. പദ്ധതി പ്രദേശത്ത് കാറ്റിന്റെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്ന രീതിയിലാണ് കെട്ടിടങ്ങളും നടപ്പാതകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ ഗാഫ് മരങ്ങളും ഈന്തപ്പനകളും ഉൾപ്പെടെയുള്ള പ്രാദേശിക സസ്യവർഗ്ഗങ്ങളും ഇവിടെ വളർത്തും.
സ്റ്റുഡിയോ അപ്പാർട്ടുമെന്റുകൾക്ക് ഏകദേശം 8,50,000 ദിർഹത്തിലാണ് വില ആരംഭിക്കുന്നത്. വലിയ 4 ബെഡ്‌റൂം യൂണിറ്റുകൾക്ക് ഏകദേശം 7.5 ദശലക്ഷം ദിർഹം വരെ വിലവരും. വലിയ വീടുകളിൽ 150 ചതുരശ്ര മീറ്റർ വരെ വലിപ്പമുള്ള ബാലക്കണികളും ടെറസുകളും ഉണ്ടാകും.
രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നിർമ്മിക്കുന്നത്. ആദ്യ ഘട്ടത്തിൽ രണ്ട് കെട്ടിടങ്ങളിലായി ഏകദേശം 700 വീടുകളാണ് വിൽപ്പനയ്‌ക്കെത്തിച്ചത്. ലോഞ്ച് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ 350-ഓളം യൂണിറ്റുകൾ വിറ്റഴിഞ്ഞതായും ആദ്യ ഘട്ടത്തിലെ സ്റ്റുഡിയോകൾ പൂർണ്ണമായി വിറ്റുപോയതായും നുസേറ അറിയിച്ചു. പദ്ധതി പൂർത്തിയാക്കാൻ 55 മുതൽ 60 മാസം വരെ സമയമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാട്ടർഫ്രണ്ടും യാട്ട് മറീനയും പദ്ധതിയുടെ പ്രത്യേകതകളിൽ ഉൾപ്പെടുന്നു. അബുദാബിയുടെ പുതിയ ടൂറിസം-താമസ വികസനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി വരുന്നത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t