
അനധികൃതമായി ഒരാളെ രാജ്യത്തിന് പുറത്തേക്ക് കടക്കാൻ സഹായിച്ച കേസിൽ കസ്റ്റഡിയിലിരിക്കെ രക്ഷപ്പെട്ട പ്രതിയെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം വീണ്ടും പിടികൂടി. മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, ബോർഡർ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റാണ് ആദ്യം പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് അന്വേഷണ നടപടികൾ പൂർത്തിയാക്കുന്നതിനായി പ്രതിയെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലേക്ക് കൈമാറി. ഇതിനിടെയാണ് പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നിർദേശപ്രകാരം അടിയന്തര അന്വേഷണ സമിതി രൂപീകരിച്ചു. പ്രതി എങ്ങനെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടുവെന്ന് അന്വേഷിക്കുന്നതിനൊപ്പം സംഭവത്തിൽ വീഴ്ച വരുത്തിയവരെയും ഉത്തരവാദികളായ ഉദ്യോഗസ്ഥരെയും കണ്ടെത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
പ്രതി രക്ഷപ്പെട്ടതിനെ തുടർന്ന് തിരച്ചിൽ, അന്വേഷണം, സുരക്ഷാ നടപടികൾ എന്നിവ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ വീണ്ടും പിടികൂടാൻ സാധിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം, സുരക്ഷാ ഏജൻസികൾ തിരയുന്നവരെയോ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതികളെയോ ഒളിപ്പിക്കുകയോ താമസിപ്പിക്കുകയോ മറ്റേതെങ്കിലും രീതിയിൽ സഹായിക്കുകയോ ചെയ്യരുതെന്ന് മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ നിയമപരമായ ഉത്തരവാദിത്തം നേരിടേണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കി.