
ദുബായിലെ താമസക്കാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി 20 സേവനങ്ങൾ പുനഃസംഘടിപ്പിച്ചു. അനാവശ്യ നടപടികൾ ഒഴിവാക്കി സേവനങ്ങൾ വേഗത്തിലും ലളിതമായും ലഭ്യമാക്കുകയാണ് ലക്ഷ്യം.
പുനഃസംഘടനയുടെ ഭാഗമായി 13 സേവനങ്ങളുടെ പ്രവർത്തനരീതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ചില സേവനങ്ങൾ നിലവിലുള്ള മറ്റ് സേവനങ്ങളുമായി ലയിപ്പിക്കുകയും ചിലത് പ്രത്യേക നടപടിക്രമങ്ങളോ റിപ്പോർട്ടുകളോ ആക്കി മാറ്റുകയും ചെയ്തു. ഇനി പ്രത്യേക സേവനമായി ആവശ്യമില്ലാത്ത ചില സേവനങ്ങൾ നിർത്തലാക്കുകയും ചെയ്തു. കെട്ടിടവുമായി ബന്ധപ്പെട്ട ചില അപേക്ഷകൾ ഇനി പ്രത്യേകമായി നൽകേണ്ടതില്ല. മഴവെള്ള ഡ്രെയിനേജ് പോയിന്റുകളിലെയും ഇൻസ്പെക്ഷൻ ചേംബർ ലെവലുകളിലെയും മാറ്റങ്ങൾക്കുള്ള അപേക്ഷകൾ കെട്ടിട ലൈസൻസിങ് സേവനങ്ങളുമായി സംയോജിപ്പിച്ചിട്ടുണ്ട്. ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളിലെ കെട്ടിട പരിപാലന പെർമിറ്റുകളും ഇന്റീരിയർ ഡിസൈൻ അനുമതികളും ബന്ധപ്പെട്ട കെട്ടിട ലൈസൻസിങ് സേവനങ്ങളിൽ ഉൾപ്പെടുത്തി.
കെട്ടിടങ്ങളുടെ മേൽക്കൂരകളിലോ ഒഴിഞ്ഞ സ്ഥലങ്ങളിലോ പരസ്യ ഘടനകൾ സ്ഥാപിക്കുന്നതിനുള്ള പെർമിറ്റും ബന്ധപ്പെട്ട മോഡിഫിക്കേഷൻ സേവനവുമായി ലയിപ്പിച്ചിട്ടുണ്ട്. കോൺട്രാക്ടറുടെയോ കൺസൾട്ടന്റിന്റെയോ അനുമതിയില്ലാതെ പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അപേക്ഷയും നിലവിലുള്ള പൂർത്തീകരണ സർട്ടിഫിക്കറ്റ് സേവനത്തിൽ ഉൾപ്പെടുത്തി. അതേസമയം, യുഎഇ പൗരന്മാരുടെ റെസിഡൻഷ്യൽ ഭൂമി അലോട്ട്മെന്റ് ഉത്തരവുകൾ നടപ്പാക്കുന്നതിനുള്ള അപേക്ഷകൾ മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റിന്റെ സേവനങ്ങളുമായി ബന്ധിപ്പിച്ചു. കാർഷിക പ്രവർത്തനങ്ങൾക്കുള്ള പെർമിറ്റുകൾ ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസത്തിന്റെ വാണിജ്യ ലൈസൻസിങ് സേവനത്തിനുള്ളിൽ തൽക്ഷണ അനുമതികളായും മാറ്റി.
ഏഴ് സേവനങ്ങൾ മറ്റൊരു അതോറിറ്റിയിലേക്ക്
ദുബായ് മുനിസിപ്പാലിറ്റിയുടെ ഏഴ് പ്രത്യേക സേവനങ്ങൾ ദുബായ് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് അതോറിറ്റിയിലേക്ക് മാറ്റിയിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സേവന ആവർത്തനം ഒഴിവാക്കുകയും ഓരോ സേവനത്തിന്റെയും ഉത്തരവാദിത്തം വ്യക്തതയോടെ നിർണയിക്കുകയുമാണ് ലക്ഷ്യം. കിണർ കുഴിക്കുന്നതിനും ഭൂഗർഭജലം ഉപയോഗിക്കുന്നതിനുമുള്ള പെർമിറ്റുകൾ, വ്യവസായ-വികസന പദ്ധതികൾക്കുള്ള പരിസ്ഥിതി പെർമിറ്റുകൾ, സമുദ്ര വിവരങ്ങൾക്കുള്ള അപേക്ഷകൾ, കാർഷിക മണ്ണ് ശേഖരിക്കുന്നതിനുള്ള പെർമിറ്റുകൾ, വിനോദ ആവശ്യങ്ങൾക്കുള്ള കടൽ മത്സ്യബന്ധന പെർമിറ്റുകൾ, പ്രകൃതി സംരക്ഷിത മേഖലകളിലെ പ്രവർത്തനങ്ങൾക്കുള്ള എൻഒസി എന്നിവയാണ് മാറ്റിയ സേവനങ്ങളിൽ ഉൾപ്പെടുന്നത്.
നാലു സേവനങ്ങൾ പ്രത്യേക സേവനങ്ങളായി പൂർണമായും നിർത്തലാക്കിയിട്ടുണ്ട്. ഭൂമിയുടെയും നിലവിലുള്ള കെട്ടിടങ്ങളുടെയും സാങ്കേതിക റിപ്പോർട്ടുകൾ, സർക്കാർ സ്ഥാപനങ്ങളുടെ കെട്ടിട ഘടനാ പരിശോധനാ അപേക്ഷകൾ, സർട്ടിഫിക്കറ്റ് ഓഫ് കോൺഫോർമിറ്റിയുടെ അറ്റസ്റ്റേഷൻ അപേക്ഷകൾ, ദുബായ് സെൻട്രൽ ലബോറട്ടറിയുടെ പ്രത്യേക പരിശീലന സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മാറ്റങ്ങൾ ദുബായിയുടെ Services 360 Policyയുടെ ഭാഗമായി ഉപഭോക്തൃ സേവനങ്ങൾ കൂടുതൽ ഏകീകൃതവും വേഗതയേറിയതുമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. അതിനാൽ, പുതിയതായി ഏതെങ്കിലും മുനിസിപ്പൽ സേവനത്തിന് അപേക്ഷിക്കുന്ന താമസക്കാരും സ്ഥാപനങ്ങളും അപേക്ഷിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട സേവനം ഏത് വിഭാഗത്തിലൂടെയാണ് ഇപ്പോൾ ലഭ്യമാകുന്നതെന്ന് പരിശോധിക്കുന്നത് പ്രധാനമാണ്.