
കുവൈത്തിൽ എൻട്രി വിസകൾക്കും ലീവ് പെർമിറ്റുകൾക്കും അനുവദിച്ചിരുന്ന സ്വമേധയാ കാലാവധി നീട്ടൽ സംവിധാനം സെപ്റ്റംബർ 1 മുതൽ അവസാനിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ വിസകൾക്കും പെർമിറ്റുകൾക്കും നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള സാധാരണ കാലാവധി വീണ്ടും പ്രാബല്യത്തിൽ വരും. നിലവിൽ കുവൈത്തിലുള്ളവർക്കായി അനുവദിച്ചിരുന്ന എല്ലാ വിഭാഗം സന്ദർശക വിസകളുടെയും ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ സെപ്റ്റംബർ 1 മുതൽ അവസാനിക്കും. തുടർന്ന് ഓരോ വിസയുടെയും നിയമപരമായ കാലാവധി, ബന്ധപ്പെട്ട നടപടിക്രമങ്ങൾ, നിലവിലുള്ള ചട്ടങ്ങൾ എന്നിവ സാധാരണ രീതിയിൽ ബാധകമാകും.
അതേസമയം, നിലവിൽ കുവൈത്തിന് പുറത്തുള്ള പ്രവാസികൾക്ക് അനുവദിച്ചിരുന്ന ലീവ് പെർമിറ്റുകളുടെ സാധാരണ കാലാവധിയും സെപ്റ്റംബർ 1 മുതൽ പുനഃസ്ഥാപിക്കും. എന്നാൽ ഓഗസ്റ്റ് 31നോ അതിന് മുമ്പോ കുവൈത്തിൽ നിന്ന് പുറത്തുപോയ പ്രവാസികൾക്ക് നിലവിലെ ചട്ടങ്ങൾ പ്രകാരം അനുവദിച്ചിട്ടുള്ള അധിക പ്രത്യേക കാലാവധി തുടർന്നും ലഭിക്കും.
‘സഹൽ’ ആപ്പിലെ സർട്ടിഫിക്കറ്റ് നിർണായകം
പ്രവാസിയുടെ ലീവ് പെർമിറ്റ് എപ്പോൾ അവസാനിക്കുന്നുവെന്ന് സ്ഥിരീകരിക്കുന്നതിനുള്ള ഔദ്യോഗിക രേഖയായി ‘സഹൽ’ ആപ്പ് വഴി ലഭിക്കുന്ന റെസിഡൻസി പെർമിറ്റ് സ്റ്റാറ്റസ് സർട്ടിഫിക്കറ്റ് പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിദേശത്തുള്ള പ്രവാസികൾ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന കാലാവധിക്കുള്ളിൽ തന്നെ കുവൈത്തിൽ തിരിച്ചെത്തണം. വിസ, ലീവ് പെർമിറ്റ് കാലാവധി സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുന്നതിനും നിയമലംഘനങ്ങൾ ഉണ്ടാകാതിരിക്കാനും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട എല്ലാവരോടും നിർദേശിച്ചു.