കുവൈത്തിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം കുതിക്കുന്നു; ആറുമാസത്തിനിടെ ചെലവിട്ടത് 250 കോടി ദീനാറിലേറെ

കുവൈത്തിൽ ക്രെഡിറ്റ് കാർഡ് വഴിയുള്ള ചെലവിടൽ കുത്തനെ ഉയർന്നു. 2026ന്റെ ആദ്യ ആറ് മാസത്തിനിടെ രാജ്യത്തെ ക്രെഡിറ്റ് കാർഡ് ഇടപാടുകളുടെ ആകെ മൂല്യം 2.5 ബില്യൺ കുവൈത്ത് ദീനാറിന് മുകളിലെത്തി. ദൈനംദിന വാങ്ങലുകൾക്കും ഓൺലൈൻ ഇടപാടുകൾക്കും ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം വർധിക്കുന്നതിന്റെ സൂചനയാണിത്. 2026ന്റെ ആദ്യ പാദത്തിൽ മാത്രം ക്രെഡിറ്റ് കാർഡ് വഴിയുള്ള ചെലവ് ഏകദേശം 890 മില്യൺ ദീനാറിലെത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 21.8 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഇ-കൊമേഴ്സ് ഇടപാടുകളിലെ വർധനയും ക്രെഡിറ്റ് കാർഡ് ഉപയോഗം ഉയരാൻ പ്രധാന കാരണമായി.

ഓൺലൈൻ ഷോപ്പിങ്, റസ്റ്റോറന്റുകൾ, യാത്ര, വിവിധ സേവനങ്ങൾ എന്നിവയ്ക്കായി ഡിജിറ്റൽ പേയ്മെന്റുകൾ കൂടുതൽ വ്യാപകമാകുന്നതിനൊപ്പം ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗവും വർധിക്കുകയാണ്. രാജ്യത്ത് പണമിടപാടുകൾ ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുന്ന പ്രവണത ശക്തമാകുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം, കുവൈത്തിലെ മൊത്തം കാർഡ് ഇടപാടുകളിൽ ഡെബിറ്റ് കാർഡുകൾക്ക് ഇപ്പോഴും വലിയ ആധിപത്യമുണ്ട്. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന്റെ വളർച്ചാ നിരക്ക് താരതമ്യേന വേഗത്തിലാണ്.

ആറുമാസത്തിനിടെ 2.5 ബില്യൺ ദീനാറിലധികം ക്രെഡിറ്റ് കാർഡ് ചെലവിലേക്ക് ഉയർന്നത് രാജ്യത്തെ ഉപഭോക്തൃ ചെലവിടൽ രീതിയിലും ഡിജിറ്റൽ പേയ്മെന്റുകളിലുമുണ്ടാകുന്ന മാറ്റത്തിന്റെ പ്രധാന സൂചനയായാണ് വിലയിരുത്തുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *