‘രാത്രി പേടിക്കാതെ ഒറ്റയ്ക്ക് നടക്കാം’—കുവൈത്തിന് ആഗോള റാങ്കിങ്ങിൽ അഭിമാന നേട്ടം

രാത്രിയിൽ ഒറ്റയ്ക്ക് നടക്കുമ്പോൾ സുരക്ഷിതത്വം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ ആഗോള പട്ടികയിൽ കുവൈത്തിന് അഭിമാന നേട്ടം. ഗാലപ്പ് പുറത്തിറക്കിയ 2026ലെ ആഗോള സുരക്ഷാ റിപ്പോർട്ട് പ്രകാരം, രാത്രികാലങ്ങളിൽ തനിച്ച് നടക്കുമ്പോൾ സുരക്ഷിതത്വം അനുഭവപ്പെടുന്നതായി കുവൈത്തിലെ 93 ശതമാനം പേരും വ്യക്തമാക്കി. ഇതോടെ കുവൈത്ത് ആഗോള തലത്തിൽ അഞ്ചാം സ്ഥാനത്തെത്തി.

നിയമവാഴ്ചയുടെയും സുരക്ഷയുടെയും കാര്യത്തിലും കുവൈത്ത് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 100ൽ 92 പോയിന്റാണ് രാജ്യത്തിന് ലഭിച്ചത്. രാത്രികാല സുരക്ഷാ സൂചികയിൽ ഗൾഫ് രാജ്യങ്ങളുടെ മികവും റിപ്പോർട്ടിൽ വ്യക്തമാണ്. 2025ലെ കണക്കുകൾ പ്രകാരം ലോകത്തെ ആദ്യ പത്ത് രാജ്യങ്ങളിൽ നാല് ജിസിസി രാജ്യങ്ങളാണ് ഇടംപിടിച്ചത്.

96 ശതമാനം പേരുടെ സുരക്ഷിതത്വബോധത്തോടെ യുഎഇയാണ് പട്ടികയിൽ ഒന്നാമത്. ഇതേ സ്കോർ നേടിയ സിംഗപ്പൂർ രണ്ടാം സ്ഥാനത്തും 95 ശതമാനവുമായി സൗദി അറേബ്യ മൂന്നാം സ്ഥാനത്തുമാണ്. 93 ശതമാനം നേടിയ താജിക്കിസ്ഥാൻ നാലാം സ്ഥാനത്തും കുവൈത്ത് അഞ്ചാം സ്ഥാനത്തുമെത്തി. 92 ശതമാനം പേരുടെ പിന്തുണയോടെ ബഹ്റൈൻ ആറാം സ്ഥാനവും സ്വന്തമാക്കി. നിയമവാഴ്ചാ സൂചികയിലും ഗൾഫ് രാജ്യങ്ങൾ മികച്ച നിലയിലാണ്. യുഎഇ 95 പോയിന്റും ബഹ്റൈൻ 93 പോയിന്റും നേടിയപ്പോൾ കുവൈത്തിനും സൗദി അറേബ്യക്കും 92 പോയിന്റ് വീതമാണ് ലഭിച്ചത്.

രാത്രിയിൽ ഒറ്റയ്ക്ക് നടക്കുമ്പോഴുള്ള സുരക്ഷിതത്വബോധം, പ്രാദേശിക പൊലീസിലുള്ള വിശ്വാസം, മോഷണത്തിന് ഇരയാകാതിരിക്കാനുള്ള സുരക്ഷ, ആക്രമണമോ കവർച്ചയോ നേരിടാനുള്ള സാധ്യത തുടങ്ങിയ നാല് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് നിയമവാഴ്ചാ സൂചിക തയ്യാറാക്കുന്നത്. പൂജ്യം മുതൽ 100 വരെയുള്ള സ്കെയിലിൽ ഉയർന്ന സ്കോർ കൂടുതൽ സുരക്ഷിതമായ സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *