
ചൈനയിൽനിന്ന് യുഎഇയിലേക്കും മധ്യപൂർവദേശത്തേക്കുമുള്ള വാഹനഗതാഗതം കൂടുതൽ വേഗത്തിലാക്കുന്ന പുതിയ നേരിട്ടുള്ള കടൽപാതയ്ക്ക് തുടക്കമായി. ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡിയുടെ 6,068 എനർജി വാഹനങ്ങളുമായി കൂറ്റൻ റോൾ-ഓൺ റോൾ-ഓഫ് (Ro-Ro) കപ്പൽ ഖോർഫക്കാൻ തുറമുഖത്ത് എത്തി. ചൈനയിലെ ഷെൻഷെനിലുള്ള ഷിയോമോ ഇന്റർനാഷനൽ ലോജിസ്റ്റിക്സ് തുറമുഖത്തുനിന്നാണ് കപ്പൽ പുറപ്പെട്ടത്. പുതിയ കടൽപാത നിലവിൽ വരുന്നതോടെ ചൈനയിൽനിന്ന് യുഎഇയിലേക്കും മധ്യപൂർവദേശത്തെ മറ്റ് വിപണികളിലേക്കുമുള്ള വാഹനങ്ങളുടെയും വലിയ ഉപകരണങ്ങളുടെയും കടൽഗതാഗത സമയം 3 മുതൽ 5 ദിവസം വരെ കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതുവഴി വാഹനങ്ങൾ വേഗത്തിൽ യുഎഇയിലെത്തിക്കുന്നതിനൊപ്പം വിതരണ ശൃംഖലയിലെ കാലതാമസവും ഗതാഗതത്തിലെ അനിശ്ചിതത്വവും കുറയ്ക്കാനും സാധിക്കും.
ഷിയോമോ തുറമുഖത്തും റെക്കോർഡ്
6,068 വാഹനങ്ങളുമായുള്ള ഈ ചരക്കുനീക്കം ഷിയോമോ തുറമുഖത്തിനും റെക്കോർഡായി. 2021 അവസാനത്തോടെ പ്രവർത്തനം ആരംഭിച്ച ശേഷം ഒറ്റ ചരക്കുനീക്കത്തിൽ തുറമുഖം കൈകാര്യം ചെയ്യുന്ന ഏറ്റവും വലിയ വാഹന ഷിപ്പ്മെന്റാണിത്. ഖോർഫക്കാൻ തുറമുഖത്തിന്റെ വാണിജ്യ ടെർമിനലിലും വാഹനഗതാഗതത്തിൽ ശ്രദ്ധേയമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. 2026 ഓഗസ്റ്റ് വരെ 24,675 വാഹനങ്ങൾ ഇവിടെ കൈകാര്യം ചെയ്തിട്ടുണ്ട്. വർഷാരംഭം മുതൽ മണിക്കൂറിൽ ശരാശരി 141 വാഹനങ്ങൾ ഇറക്കിയപ്പോൾ ഏറ്റവും ഉയർന്ന നിരക്ക് മണിക്കൂറിൽ 197 വാഹനങ്ങളായിരുന്നു.
96 മണിക്കൂറിനുള്ളിൽ തുറമുഖത്തിന് പുറത്ത്
വാഹനങ്ങൾ ഇറക്കിയതിന് പിന്നാലെ കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി നേരിട്ട് തുറമുഖത്തുനിന്ന് പുറത്തേക്ക് നീക്കാൻ സഹായിക്കുന്ന ‘ഡിസ്ചാർജ് ആൻഡ് ഡ്രൈവ്’ സംവിധാനവും ഖോർഫക്കാൻ തുറമുഖത്തുണ്ട്. ഇതുവഴി വാഹനങ്ങളെ തുറമുഖ യാർഡിൽനിന്ന് 96 മണിക്കൂറിനുള്ളിൽ പുറത്തെടുക്കാൻ സാധിക്കും. ഷാർജ പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺസ് അതോറിറ്റിയുടെ കീഴിലുള്ള ഖോർഫക്കാൻ തുറമുഖത്തിന്റെ വാണിജ്യ ടെർമിനൽ പ്രവർത്തിപ്പിക്കുന്നത് ഷാർജ ആസ്ഥാനമായ ഗൾഫ്‌ടെയ്നറാണ്.
12 രാജ്യാന്തര കടൽപാതകൾ
ചൈനയിലെ ഷിയോമോ തുറമുഖത്ത് നിലവിൽ വാഹനഗതാഗതത്തിനായി 12 രാജ്യാന്തര കടൽപാതകളുണ്ട്. മധ്യപൂർവദേശം, തെക്കുകിഴക്കൻ ഏഷ്യ, മെഡിറ്ററേനിയൻ, യൂറോപ്പ്, തെക്കേ അമേരിക്ക, ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ പ്രധാന വിപണികളുമായി ചൈനയെ ഈ കടൽപാതകൾ ബന്ധിപ്പിക്കുന്നു. പുതിയ നേരിട്ടുള്ള സർവീസ് ചൈനീസ് വാഹനങ്ങൾ യുഎഇയിലേക്കും മേഖലയിലെ മറ്റ് വിപണികളിലേക്കും കൂടുതൽ വേഗത്തിലും കാര്യക്ഷമമായും എത്തിക്കുന്നതിൽ നിർണായകമാകുമെന്നാണ് പ്രതീക്ഷ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t