
രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അയർലൻഡിൽ തിരയപ്പെട്ടിരുന്ന കുപ്രസിദ്ധ കുറ്റവാളി ഡാനിയൽ കിനഹാനെ യുഎഇ അയർലൻഡിന് കൈമാറി. സംഘടിത കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകൽ, കൊലപാതകം, അനധികൃത ലഹരിമരുന്ന് കടത്ത് തുടങ്ങിയ ഗുരുതര കേസുകളിലാണ് ഇയാൾ അയർലൻഡ് അധികൃതർക്ക് കൈമാറപ്പെട്ടത്. അയർലൻഡ് അധികൃതർ ഔദ്യോഗികമായി സമർപ്പിച്ച കൈമാറ്റ അഭ്യർഥനയും ദുബായ് പരമോന്നത കോടതിയുടെ അന്തിമ വിധിയും അടിസ്ഥാനമാക്കിയാണ് നടപടികൾ പൂർത്തിയാക്കിയത്. യുഎഇയും അയർലൻഡും തമ്മിലുള്ള കുറ്റവാളികളെ കൈമാറുന്നതിനുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് കിനഹാനെ കൈമാറിയത്. യുഎഇ നീതിന്യായ മന്ത്രി അബ്ദുല്ല ബിൻ സുൽത്താൻ ബിൻ അവാദ് അൽ നുഐമിയും അയർലൻഡ് നീതിന്യായ മന്ത്രി ജിം ഒ. കല്ലഗനും തമ്മിലുള്ള ഫോൺ സംഭാഷണത്തിലും കിനഹാന്റെ കൈമാറ്റം ചർച്ചയായി. രാജ്യാന്തര കുറ്റകൃത്യങ്ങൾക്കെതിരെ നിയമവാഴ്ച ഉറപ്പാക്കുന്നതിലും രാജ്യങ്ങൾ തമ്മിലുള്ള നീതിന്യായ സഹകരണം ശക്തിപ്പെടുത്തുന്നതിലും ഇരു രാജ്യങ്ങളും പ്രതിബദ്ധരാണെന്ന് മന്ത്രിമാർ വ്യക്തമാക്കി.
യുഎഇയിൽ എട്ട് വർഷം
2016ൽ ഡബ്ലിനിലെ ഒരു ഹോട്ടലിൽ എതിരാളി സംഘവുമായി ബന്ധപ്പെട്ട വെടിവയ്പിന് പിന്നാലെയാണ് കിനഹാൻ യുഎഇയിലെത്തിയത്. തുടർന്ന് രാജ്യാന്തര അന്വേഷണ ഏജൻസികളുടെ പ്രധാന പിടികിട്ടാപ്പുള്ളികളിൽ ഒരാളായി മാറുകയായിരുന്നു. ദക്ഷിണ അമേരിക്കയിൽനിന്ന് കൊക്കെയ്ൻ, ഹെറോയിൻ തുടങ്ങിയ ലഹരിമരുന്നുകൾ അയർലൻഡിലേക്ക് എത്തിച്ചിരുന്ന സംഘടിത ശൃംഖലയുടെ പ്രധാന ആസൂത്രകരിലൊരാളായാണ് കിനഹാനെ അന്വേഷണ ഏജൻസികൾ വിശേഷിപ്പിക്കുന്നത്. പിന്നീട് ശൃംഖല യുകെയിലേക്കും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചതായാണ് ആരോപണം. ലഹരിമരുന്ന് കടത്തിന് പുറമെ പണം വെളുപ്പിക്കൽ, ആയുധക്കടത്ത്, കൊലപാതകം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിലും കിനഹാൻ സംഘത്തിന് പങ്കുണ്ടെന്നാണ് അധികൃതരുടെ ആരോപണം. 2022ൽ കിനഹാനെയും സംഘത്തിലെ മറ്റ് പ്രധാന നേതാക്കളെയും പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾക്ക് യുഎസ് അധികൃതർ 50 ലക്ഷം ഡോളർ വരെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
രാജ്യാന്തര കുറ്റവാളികൾക്കെതിരെ കടുത്ത നടപടി
രാജ്യാന്തര കുറ്റവാളികൾക്കെതിരായ യുഎഇയുടെ നടപടികളുടെ തുടർച്ചയായാണ് കിനഹാന്റെ കൈമാറ്റവും വിലയിരുത്തപ്പെടുന്നത്. 2020 മുതൽ 2022 വരെ വിവിധ രാജ്യങ്ങളിൽ ഗുരുതര കുറ്റകൃത്യങ്ങളിൽ പിടികിട്ടാപ്പുള്ളികളായിരുന്ന 432 പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തതായി നേരത്തെ പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നു. ഇതേ കാലയളവിൽ 30 രാജ്യങ്ങളിലെ അധികൃതർക്ക് കൈമാറുന്നതിനായി 379 പിടികിട്ടാപ്പുള്ളികളെ യുഎഇയിൽനിന്ന് നാടുകടത്തുകയും വിദേശത്തുനിന്ന് 65 പേരെ യുഎഇയിലെത്തിക്കുകയും ചെയ്തിരുന്നു. രാജ്യാന്തര കുറ്റവാളികളെ കണ്ടെത്തുന്നതിനായി ഇന്റർപോളുമായും വിവിധ രാജ്യങ്ങളിലെ പൊലീസ്, അന്വേഷണ ഏജൻസികളുമായും യുഎഇ അടുത്ത സഹകരണം തുടരുകയാണ്.
കിനഹാൻ സംഘത്തിലെ മറ്റൊരു പ്രധാന അംഗവും പിടിയിൽ
കിനഹാൻ സംഘത്തിലെ പ്രധാന അംഗമായ സീൻ മക്ഗവേണിനെയും ദുബായ് പൊലീസ് 2024ൽ അറസ്റ്റ് ചെയ്തിരുന്നു. കുറ്റസംഘടനയ്ക്ക് നേതൃത്വം നൽകിയതും 2016ൽ എതിരാളി സംഘത്തിലെ ഒരാളെ കൊലപ്പെടുത്തിയതുമുൾപ്പെടെയുള്ള കേസുകളിൽ അയർലൻഡിൽ ഇയാൾ തിരയപ്പെട്ടിരുന്നു. ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു മക്ഗവേണിന്റെ അറസ്റ്റ്. ‘ഓപ്പറേഷൻ ഹാർവെസ്റ്റ്’ എന്ന പേരിൽ ഇന്റർപോൾ, ദുബായ് പൊലീസ്, അയർലൻഡ് പൊലീസ് എന്നിവർ നടത്തിയ ഏകോപിത അന്വേഷണത്തിന്റെ ഭാഗമായിരുന്നു നടപടി. റെഡ് നോട്ടിസ് പ്രസിദ്ധീകരിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ മക്ഗവേണിനെ അറസ്റ്റ് ചെയ്തതായി ഇന്റർപോൾ പിന്നീട് വ്യക്തമാക്കിയിരുന്നു.
ബെൽജിയത്തിന്റെ ‘മോസ്റ്റ് വാണ്ടഡ്’ ലഹരിമരുന്ന് കടത്തുകാരിൽ ഒരാളായ ഒത്മാൻ എൽ ബലൂത്തിയെയും ഇറ്റലിയിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട കുറ്റവാളികളിൽ ഒരാളായ റാഫേലെ ഇംപീരിയാലെയെയും ദുബായ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
രാജ്യാന്തര കുറ്റവാളികളെ കണ്ടെത്തുന്നതിൽ റെഡ് നോട്ടിസുകൾക്ക് പുറമെ സ്മാർട്ട് ക്യാമറകൾ, അതിർത്തി നിരീക്ഷണ സംവിധാനങ്ങൾ, ആഭ്യന്തര വിവരശേഖരണ സംവിധാനങ്ങൾ തുടങ്ങിയ സാങ്കേതികവിദ്യകളും യുഎഇ അന്വേഷണ ഏജൻസികൾ പ്രയോജനപ്പെടുത്തുന്നുണ്ട്. കിനഹാന്റെ കൈമാറ്റം രാജ്യാന്തര കുറ്റവാളികൾക്ക് രാജ്യങ്ങൾക്കിടയിലെ അതിർത്തികൾ മറികടന്ന് നിയമനടപടികളിൽനിന്ന് സ്ഥിരമായി ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് വിലയിരുത്തപ്പെടുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t