ട്രാഫിക് പിഴ ഇനി തലവേദനയല്ല! ഒറ്റത്തവണയല്ല, ഗഡുക്കളായി അടയ്ക്കാം; ദുബായ് പൊലീസിന്റെ സൂപ്പർ പദ്ധതി

ട്രാഫിക് പിഴകൾ ഒരുമിച്ച് അടയ്ക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വാഹന ഉടമകൾക്ക് ആശ്വാസമായി പലിശരഹിത ഗഡുക്കളായുള്ള പിഴയടവ് സംവിധാനം ദുബായ് പൊലീസ് അവതരിപ്പിച്ചു. ഇതിലൂടെ വലിയ തുകയുടെ ട്രാഫിക് പിഴകൾ മൂന്ന് മുതൽ 12 മാസം വരെ പ്രതിമാസ ഗഡുക്കളായി തിരിച്ചടയ്ക്കാൻ കഴിയും. ഡെബിറ്റ് കാർഡിലൂടെയോ പങ്കാളിത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളിലൂടെയോ പിഴത്തുക അടയ്ക്കാനാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ബാങ്കിന്റെ നിബന്ധനകൾ അനുസരിച്ച് 3, 6 അല്ലെങ്കിൽ 12 മാസത്തെ ഗഡു പദ്ധതികളിൽ ഉപഭോക്താക്കൾക്ക് തുക തിരിച്ചടയ്ക്കാം.

ഗഡു പദ്ധതിക്ക് പ്രധാന നിബന്ധനകൾ

  • ആകെ ട്രാഫിക് പിഴ കുറഞ്ഞത് 3,000 ദിർഹമോ അതിൽ കൂടുതലോ ആയിരിക്കണം.
  • ദുബായ് പൊലീസ് ചുമത്തിയ ട്രാഫിക് പിഴകൾക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക.
  • മറ്റ് എമിറേറ്റുകളിലോ ജിസിസി രാജ്യങ്ങളിലോ ലഭിച്ച ട്രാഫിക് പിഴകൾ പദ്ധതിയിൽ ഉൾപ്പെടില്ല.
  • വാഹന ഉടമയുടെ പേരും എമിറേറ്റ്സ് ഐഡി വിവരങ്ങളും പരസ്പരം പൊരുത്തപ്പെടണം.
  • ബാങ്കിന്റെ അന്തിമ അംഗീകാരം ലഭിച്ചതിന് ശേഷമേ ഗഡു പദ്ധതി പ്രാബല്യത്തിൽ വരൂ.

അപേക്ഷിക്കേണ്ട വിധം

ദുബായ് പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ സ്മാർട്ട് ആപ്പിലോ പ്രവേശിച്ച് “Traffic Fines Inquiry and Payment” സേവനം തിരഞ്ഞെടുക്കണം. തുടർന്ന് വാഹന നമ്പറോ ഡ്രൈവിങ് ലൈസൻസ് വിവരങ്ങളോ നൽകി നിലവിലുള്ള പിഴകൾ പരിശോധിക്കാം. ശേഷം “Pay via Direct Debit Instalments” അല്ലെങ്കിൽ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഗഡു ഓപ്ഷൻ തിരഞ്ഞെടുക്കുകയും എമിറേറ്റ്സ് ഐഡി, ബാങ്ക് വിവരങ്ങൾ എന്നിവ സമർപ്പിക്കുകയും വേണം. ബാങ്ക് അപേക്ഷ അംഗീകരിച്ചാൽ പിഴത്തുക പ്രതിമാസ ഗഡുക്കളായി മാറും.

പദ്ധതിയിൽ പങ്കാളികളായ ബാങ്കുകൾ

ഫസ്റ്റ് അബുദാബി ബാങ്ക് (FAB), എമിറേറ്റ്സ് എൻബിഡി, അബുദാബി കൊമേഴ്സ്യൽ ബാങ്ക് (ADCB), ദുബായ് ഇസ്‌ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്‌ലാമിക് ബാങ്ക്, കൊമേഴ്സ്യൽ ബാങ്ക് ഇന്റർനാഷനൽ (CBI), സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് എന്നിവ ഉൾപ്പെടെ യുഎഇയിലെ പ്രമുഖ ബാങ്കുകളാണ് പദ്ധതിയിൽ പങ്കാളികളായിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ട്രാഫിക് പിഴ അടയ്ക്കാൻ വൈകുന്നവർക്കും, വാഹന രജിസ്ട്രേഷൻ, ലൈസൻസ് പുതുക്കൽ തുടങ്ങിയ സേവനങ്ങൾ തടസ്സപ്പെടുന്നവർക്കും ഈ പുതിയ ഡിജിറ്റൽ സംവിധാനം ഏറെ സഹായകരമാകുമെന്ന് ദുബായ് പൊലീസ് അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *