ഇ-ബൈക്ക് ഡെലിവറി സർവീസ്; ദുബായിലെ 7 പുതിയ മേഖലകളിലേക്ക് കൂടി സേവനം

ദുബായിൽ ഇ-ബൈക്ക് ഡെലിവറി സേവനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ആദ്യഘട്ടത്തിന് മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്നാണ് പദ്ധതി ഏഴ് പുതിയ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ കരാമ, അൽ ഹംറിയ, ഉമ്മു ഹുറൈർ, അൽ മൻഖൂൽ എന്നീ നാല് പ്രധാന മേഖലകളിൽ ആരംഭിച്ച പദ്ധതി ഉപഭോക്താക്കളിൽ നിന്നും ഡെലിവറി ജീവനക്കാരിൽ നിന്നും മികച്ച പിന്തുണ നേടിയിരുന്നു.

ഇപ്പോൾ താഴെപ്പറയുന്ന ഏഴ് പുതിയ പ്രദേശങ്ങളിലേക്കും സേവനം വ്യാപിപ്പിച്ചിട്ടുണ്ട്:

  • അൽ തവാർ 1
  • അൽ തവാർ 2
  • അൽ ഖുസൈസ് 1
  • ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്
  • ദുബായ് മീഡിയ സിറ്റി
  • ജുമൈറ ലേക്ക് ടവേഴ്സ് (JLT)
  • ദുബായ് മറീന

ദുബായ് കൊമേഴ്സ്യൽ ലാൻഡ് ട്രാൻസ്പോർട്ട് സ്ട്രാറ്റജി 2030-ന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുക, ഡെലിവറി സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, പ്രവർത്തനച്ചെലവ് കുറയ്ക്കുക, റോഡ് സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. പുതിയ മേഖലകൾ തിരഞ്ഞെടുക്കുമ്പോൾ സൈക്കിൾ/ഇ-ബൈക്ക് ട്രാക്കുകളുടെ ലഭ്യത, ജനസാന്ദ്രത, വാണിജ്യ സ്ഥാപനങ്ങളുടെ സാന്നിധ്യം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ വിശദമായി വിലയിരുത്തിയതായി ആർടിഎ അറിയിച്ചു.

സ്വകാര്യ മേഖലയുമായി സഹകരിച്ച് നടപ്പാക്കിയ ആദ്യഘട്ടത്തിൽ ഉപഭോക്തൃ സംതൃപ്തി 99 ശതമാനവും, ഡെലിവറി ജീവനക്കാരുടെ സംതൃപ്തി 90 ശതമാനത്തിലധികവും രേഖപ്പെടുത്തിയതായി ആർടിഎ വ്യക്തമാക്കി. ഡെലിവറി മേഖലയിലെ അതിവേഗ വളർച്ച കണക്കിലെടുത്ത്, സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളും ലൈസൻസിങ് നടപടികളും കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *