
ജൂലൈ മാസത്തിലെ ആദ്യ ബിഗ് ടിക്കറ്റ് പ്രതിവാര ഇ-നറുക്കെടുപ്പിൽ ഇത്തവണ മലയാളികളോ ഇന്ത്യക്കാരോ ഭാഗ്യവാന്മാരായില്ല. നാല് പ്രവാസികൾക്കാണ് 25,000 ദിർഹം വീതം സമ്മാനം ലഭിച്ചത്. വിജയികളിൽ മൂന്ന് പേർ ബംഗ്ലാദേശ് സ്വദേശികളും ഒരാൾ അർമേനിയ സ്വദേശിയുമാണ്. യുഎഇയിൽ കഴിഞ്ഞ 16 വർഷമായി കാർ ഗാരേജിൽ ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശി എം.ഡി. ഷഫീഖുൽ ഇസ്‌ലാം സുഹൃത്തുക്കളോടൊപ്പം ചേർന്നെടുത്ത ടിക്കറ്റിലൂടെയാണ് ആദ്യമായി ബിഗ് ടിക്കറ്റ് ഭാഗ്യം സ്വന്തമാക്കിയത്. ലഭിച്ച സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിടുമെന്നും ഭാവിയിലും ടിക്കറ്റെടുക്കുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ദുബായിൽ ബിസിനസ് നടത്തുന്ന ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് അംദാദുല്ലാ അലി ഹൊസൈനാണ് രണ്ടാമത്തെ വിജയി. അൽ ഐനിലെ ബിഗ് ടിക്കറ്റ് കൗണ്ടറിൽ നിന്ന് രണ്ട് സുഹൃത്തുക്കൾക്കൊപ്പം വാങ്ങിയ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. സമ്മാനത്തുക ബിസിനസ് വികസനത്തിനായി വിനിയോഗിക്കാനാണ് ഇവരുടെ തീരുമാനം. കഴിഞ്ഞ 26 വർഷമായി യുഎഇയിൽ താമസിക്കുന്ന അർമേനിയ സ്വദേശി റാഫേൽ ടൊപാലിയൻ ബിഗ് ടിക്കറ്റ് വെബ്‌സൈറ്റിലൂടെ സ്വന്തം ഇഷ്ട നമ്പർ തിരഞ്ഞെടുത്ത് വാങ്ങിയ ടിക്കറ്റിലൂടെയാണ് വിജയിയായത്. സമ്മാനത്തുകയിൽ ഒരു ഭാഗം മകളുടെ ഭാവി ആവശ്യങ്ങൾക്കായി മാറ്റിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നാലാമത്തെ വിജയിയായ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഹാറൂൺ റഷീദ് ജലാൽ, ബിഗ് ടിക്കറ്റ് കൗണ്ടറിൽ നിന്ന് നേരിട്ട് വാങ്ങിയ ടിക്കറ്റിലൂടെയാണ് 25,000 ദിർഹം സ്വന്തമാക്കിയത്. അതേസമയം, ഓഗസ്റ്റ് 3-ന് നടക്കുന്ന ബിഗ് ടിക്കറ്റ് ഗ്രാൻഡ് ലൈവ് നറുക്കെടുപ്പിൽ രണ്ട് കോടി ദിർഹം ഒന്നാം സമ്മാനമായി കാത്തിരിക്കുകയാണ്. ഇതിനുപുറമെ അഞ്ച് പേർക്ക് ഒരു ലക്ഷം ദിർഹം വീതം ആശ്വാസ സമ്മാനവും ലഭിക്കും. ജൂലൈ മാസത്തിൽ ഇനിയും മൂന്ന് പ്രതിവാര ഇ-നറുക്കെടുപ്പുകൾ ബാക്കിയുണ്ട്. ഓരോ ആഴ്ചയും നാല് പേർക്ക് വീതം 25,000 ദിർഹം നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലെ ബിഗ് ടിക്കറ്റ് കൗണ്ടറുകളിലൂടെയും ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ടിക്കറ്റുകൾ വാങ്ങി നറുക്കെടുപ്പിൽ പങ്കെടുക്കാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t