Sharjah Police jaywalking monitoring; റോഡ് മുറിച്ചുകടക്കുന്നവർ ജാഗ്രതൈ; ഷാർജയിൽ സ്മാർട്ട് നിരീക്ഷണം ശക്തമാക്കി പൊലീസ്

Sharjah Police jaywalking monitoring; ഷാർജയിലെ കിഴക്കൻ, മധ്യ മേഖലകളിൽ കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ കൂടിയതോടെ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കി ഷാർജ പൊലീസ്. നിയമവിരുദ്ധമായി റോഡ് മുറിച്ചുകടക്കുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പൊലീസ് പുതിയ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. റിപ്പോർട്ട് ചെയ്ത 60 വലിയ അപകടങ്ങളിൽ 13 എണ്ണം കാൽനടയാത്രക്കാർക്ക് വാഹനം തട്ടിയുള്ളവയായിരുന്നുവെന്ന് പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. കിഴക്കൻ മേഖലയിൽ ആറും മധ്യമേഖലയിൽ ഏഴും അപകടങ്ങളാണ് ഇത്തരത്തിൽ രേഖപ്പെടുത്തിയത്. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും മുൻഗണന നൽകുന്നതെന്ന് ഷാർജ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് അൽ കൈ പറഞ്ഞു. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെ, പ്രത്യേകിച്ച് അതിവേഗ പാതകളിൽ റോഡ് മുറിച്ചുകടക്കുന്നത് ജീവന് ഭീഷണിയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനായി അത്യാധുനിക സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങൾ ജനത്തിരക്കേറിയ ഇടങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നവർക്കെതിരെയും ക്രോസിംഗുകളിൽ യാത്രക്കാർക്ക് മുൻഗണന നൽകാത്ത ഡ്രൈവർമാർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനത്തിരക്കേറിയ മേഖലകളിൽ കൂടുതൽ മേൽപ്പാലങ്ങളും റോഡ് ക്രോസിംഗുകളും സ്ഥാപിക്കുന്നതിന്റെ ആവശ്യകത പരിശോധിക്കുന്നതിനായി മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് പൊലീസ് പ്രവർത്തിച്ചു വരികയാണ്. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ മഞ്ഞും മോശം കാലാവസ്ഥയും കാരണം കാഴ്ചപരിധി കുറഞ്ഞതും നിരവധി അപകടങ്ങൾക്ക് കാരണമായതായി പൊലീസ് നിരീക്ഷിച്ചു. കിഴക്കൻ മേഖലയിൽ വാഹനം മറിഞ്ഞും മറ്റും 26 അപകടങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ മധ്യമേഖലയിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങൾ റോഡിലേക്ക് ചാടിയതുൾപ്പെടെ 34 അപകടങ്ങളാണ് ഉണ്ടായത്. ഡ്രൈവർമാർ വേഗപരിധി പാലിക്കണമെന്നും ജനവാസ മേഖലകളിലും ക്രോസിംഗുകൾക്ക് സമീപവും അതീവ ജാഗ്രത പുലർത്തണമെന്നും പൊലീസ് നിർദ്ദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy