‘വിമാനത്തിലെ സീറ്റിൽ നിന്നെഴുന്നേറ്റ് ഒറ്റ ഓട്ടം’; സമയോചിത ഇടപെടലിലൂടെ സഹയാത്രികയ്ക്ക് രക്ഷയായി മലയാളി നഴ്സ്

ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉണ്ടായ മെഡിക്കൽ അടിയന്തരാവസ്ഥയിൽ മലയാളി നഴ്സിന്റെ സമയോചിത ഇടപെടൽ ഒരു യാത്രക്കാരിക്ക് ആശ്വാസമായി. കൊല്ലം പരവൂർ സ്വദേശിനിയും യുഎഇയിലെ റാസൽഖൈമ ആശുപത്രിയിലെ നഴ്സുമായ പൂജ രാജകുമാരനാണ് ബോധരഹിതയാകാൻ തുടങ്ങിയ സഹയാത്രികയ്ക്ക് പ്രഥമശുശ്രൂഷ നൽകി സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കിയത്. ഈ മാസം ഒന്നിനായിരുന്നു സംഭവം. ദുബായിൽ നിന്ന് വൈകിട്ട് 7.50ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ്-530 വിമാനം യാത്ര തുടരുന്നതിനിടെ കാബിനിൽ മെഡിക്കൽ എമർജൻസി സംബന്ധിച്ച അറിയിപ്പ് മുഴങ്ങി. വിമാനത്തിൽ ഡോക്ടറോ നഴ്സോ ഉണ്ടെങ്കിൽ ഉടൻ സഹായിക്കണമെന്ന അറിയിപ്പ് കേട്ടതോടെ അവധിക്കായി നാട്ടിലേക്ക് മടങ്ങുകയായിരുന്ന പൂജ ഉടൻ തന്നെ സീറ്റിൽ നിന്ന് എഴുന്നേറ്റ് കാബിൻ ക്രൂവിനെ സമീപിക്കുകയായിരുന്നു.

ദുബായിൽ ചികിത്സയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഒരു വനിതാ യാത്രക്കാരിക്കാണ് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. അവർ ബോധം നഷ്ടപ്പെടുന്ന അവസ്ഥയിലായതോടെ പൂജ അടിയന്തരമായി പ്രഥമശുശ്രൂഷ നൽകി. യാത്രക്കാരിയെ ഉണർത്തുകയും വെള്ളം നൽകുകയും ചെയ്ത അവർ പിന്നീട് കടുത്ത ഭയം കാരണം വിറയലുണ്ടായപ്പോൾ കാബിൻ ക്രൂവിന്റെ സഹായത്തോടെ കൈകൾ ചൂടാക്കി മാനസികമായി ധൈര്യവും ആത്മവിശ്വാസവും പകർന്നു. യാത്രക്കാരിയുടെ അവസ്ഥ കണ്ട് ആശങ്കപ്പെട്ട കാബിൻ ക്രൂ വിമാനം അടിയന്തരമായി മറ്റൊരു വിമാനത്താവളത്തിൽ ഇറക്കേണ്ട സാഹചര്യമുണ്ടോയെന്ന് അന്വേഷിച്ചു. എന്നാൽ, നഴ്സെന്ന നിലയിലെ തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരിയുടെ ആരോഗ്യനില ഇപ്പോൾ സുരക്ഷിതമാണെന്നും ടെൻഷൻ മൂലമുണ്ടായ താൽക്കാലിക പ്രശ്നമാണിതെന്നും പൂജ ക്യാപ്റ്റനെയും കാബിൻ ക്രൂവിനെയും അറിയിച്ചു. ഇതോടെ വിമാനം നിശ്ചയിച്ച പ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് യാത്ര തുടർന്നു.

തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതിന് തൊട്ടുമുമ്പ് പൂജ വീണ്ടും യാത്രക്കാരിയുടെ ആരോഗ്യനില പരിശോധിച്ചു. അപ്പോഴേക്കും അവർ പൂർണമായും സുഖം പ്രാപിച്ചിരുന്നു. നന്ദിയോടെ കൈകൾ ചേർത്തുപിടിച്ച് യാത്രക്കാരി പറഞ്ഞ വാക്കുകളും മുഖത്തെ ആശ്വാസച്ചിരിയും തന്റെ നഴ്സിങ് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവങ്ങളിലൊന്നാണെന്ന് പൂജ പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ മികച്ച പിന്തുണ നൽകിയ കാബിൻ ക്രൂവിനും, സേവനത്തെ അഭിനന്ദിച്ച് വിമാനത്തിനുള്ളിൽ വെച്ചുതന്നെ ‘താങ്ക് യൂ’ കാർഡ് നൽകി ആദരിച്ച എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർക്കും പൂജ നന്ദി അറിയിച്ചു.

കഴിഞ്ഞ അഞ്ച് വർഷമായി ഗൾഫ് മേഖലയിൽ നഴ്സായി ജോലി ചെയ്യുന്ന പൂജ മൂന്ന് വർഷം സൗദിയിലെ നജ്റാനിലും ഒരു വർഷം ജിദ്ദയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2025 ഓഗസ്റ്റ് മുതൽ റാസൽഖൈമ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. വർഷത്തിലൊരിക്കൽ അവധിക്ക് നാട്ടിലെത്താറുണ്ടെങ്കിലും വിമാനയാത്രയ്ക്കിടെ ഇത്തരമൊരു മെഡിക്കൽ അടിയന്തരാവസ്ഥ നേരിട്ട് കൈകാര്യം ചെയ്യുന്നത് ഇതാദ്യമായാണെന്നും അവർ പറഞ്ഞു. കൊല്ലം പരവൂർ സ്വദേശികളായ രാജകുമാരൻ–സുഷമ ദമ്പതികളുടെ മകളാണ് പൂജ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy