
ഷാർജയിലെ സാമ്പത്തിക-വ്യാവസായിക മേഖലകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഷാർജ സിവിൽ ഡിഫൻസ് പുതിയ ആനുകൂല്യ പാക്കേജ് പ്രഖ്യാപിച്ചു. ബിസിനസ് സ്ഥാപനങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുകയും നിയമാനുസൃത നടപടികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ സേവനങ്ങൾക്കും പിഴകൾക്കും വൻ ഇളവുകൾ അനുവദിച്ചിരിക്കുന്നത്.
പുതിയ തീരുമാനപ്രകാരം, സിവിൽ ഡിഫൻസ് ചുമത്തിയിട്ടുള്ള എല്ലാ നിയമലംഘന പിഴകൾക്കും 50 ശതമാനം വരെ ഇളവ് ലഭിക്കും. കൂടാതെ അഗ്നിശമന, സുരക്ഷാ സേവനങ്ങളുമായി ബന്ധപ്പെട്ട ഫീസുകളിലും 50 ശതമാനം വരെ നിരക്കിളവ് അനുവദിച്ചിട്ടുണ്ട്. 2019 മുതൽ 2026 വരെയുള്ള കാലയളവിൽ ചുമത്തിയ പിഴകൾക്കാണ് ഈ പ്രത്യേക ഇളവ് ബാധകമാകുക. 2026 ജൂൺ 16 മുതൽ പ്രാബല്യത്തിൽ വന്ന പദ്ധതി മൂന്ന് മാസത്തേക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു.
പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക സേവന ചാനലുകളിലൂടെയോ 06 516 3333 എന്ന ഹെൽപ്‌ലൈൻ നമ്പറിലൂടെയോ ലഭ്യമാണെന്നും സിവിൽ ഡിഫൻസ് വ്യക്തമാക്കി.
അതേസമയം, ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിന്റെ നിർദേശപ്രകാരം ബിസിനസ് മേഖലയെ പിന്തുണയ്ക്കുന്ന സമാന ആനുകൂല്യങ്ങൾ ഷാർജ പൊലീസും ഈ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി വാണിജ്യ സ്ഥാപനങ്ങളുടെ സുരക്ഷാ പെർമിറ്റുകൾ പുതുക്കുന്നതിനുള്ള ഫീസിൽ 50 ശതമാനം ഇളവും, പൊലീസ് ചുമത്തിയ പിഴകളിൽ 50 ശതമാനം കുറവും അനുവദിച്ചിട്ടുണ്ട്. കൂടാതെ, സുരക്ഷാ സംവിധാനങ്ങളുടെ രജിസ്ട്രേഷൻ ഫീസുകൾക്കും 50 ശതമാനം ഇളവും നിർബന്ധിത പരിശീലന പരിപാടികളുടെ ഫീസിൽ 20 ശതമാനം കുറവും ലഭ്യമാകും. ഈ നടപടികൾ ഷാർജയിലെ ബിസിനസ് സൗഹൃദ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഭാഗമായാണെന്ന് അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t