
എയർബസ് A380 സൂപ്പർജംബോ വിമാനങ്ങളുടെ ചിറകുകളിലെ പ്രധാന ഘടനാ ഭാഗങ്ങളിൽ വിള്ളലുകൾ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര സുരക്ഷാ പരിശോധനകൾക്ക് തുടക്കമിട്ട് എമിറേറ്റ്സ് എയർലൈൻസ്. ആകെ 16 വിമാനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇതിൽ 15 വിമാനങ്ങളും എമിറേറ്റ്സിന്റേതും ഒരു വിമാനം ഓസ്‌ട്രേലിയൻ ദേശീയ വിമാനക്കമ്പനിയായ ക്വാണ്ടാസിന്റേതുമാണ്.
യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) പുറത്തിറക്കിയ അടിയന്തര എയർവർതിനസ് നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ പരിശോധനകൾ ആരംഭിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി 16 വിമാനങ്ങളിൽ അഞ്ചെണ്ണം ഉടൻ വിശദമായ സാങ്കേതിക പരിശോധനകൾക്ക് വിധേയമാക്കും. വിമാനങ്ങളുടെ സുരക്ഷ പൂർണമായും ഉറപ്പാക്കിയ ശേഷമേ അവ വീണ്ടും സർവീസിലേക്ക് തിരിച്ചെത്തിക്കുകയുള്ളൂവെന്ന് കമ്പനി വ്യക്തമാക്കി.
അടിയന്തര പരിശോധനകൾ മൂലം സർവീസ് ഷെഡ്യൂളുകളിൽ ഉണ്ടാകാവുന്ന തടസ്സങ്ങൾ പരമാവധി കുറയ്ക്കുന്നതിനായി എയർബസുമായും ബന്ധപ്പെട്ട വ്യോമയാന നിയന്ത്രണ ഏജൻസികളുമായും ചേർന്ന് എമിറേറ്റ്സ് ഏകോപനം നടത്തിവരികയാണ്. വിമാനത്തിന്റെ ചിറകിലൂടെ കടന്നുപോകുന്ന വായുപ്രവാഹത്തിൽ നിന്നുള്ള സമ്മർദം ഏറ്റുവാങ്ങുന്ന പ്രധാന ഘടനാ ബീമിലാണ് വിള്ളലുകൾ കണ്ടെത്തിയത്. പതിവ് അറ്റകുറ്റപ്പണി പരിശോധനകൾക്കിടെയാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. വിമാനത്തിന്റെ ഘടനാപരമായ സുരക്ഷയെ ബാധിക്കാനിടയുള്ള സാഹചര്യമാണിതെന്നാണ് എയർബസ് വ്യക്തമാക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ A380 ഫ്ലീറ്റ്
ലോകത്ത് സർവീസ് നടത്തുന്ന എയർബസ് A380 വിമാനങ്ങളിൽ പകുതിയിലധികവും എമിറേറ്റ്സ് എയർലൈൻസിന്റെ ഉടമസ്ഥതയിലുള്ളവയാണ്. ഏറ്റവും വലിയ A380 ഫ്ലീറ്റുള്ള എമിറേറ്റ്സ് നിലവിൽ വിമാനങ്ങളുടെ സമഗ്ര നവീകരണ പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അതേസമയം, അടുത്തിടെ നടന്ന ‘ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡ്സ്’ ചടങ്ങിൽ ലോകത്തിലെ മികച്ച എയർലൈൻ എന്ന ബഹുമതിയും എമിറേറ്റ്സ് സ്വന്തമാക്കിയിരുന്നു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t