
യുഎഇയിലെ സ്വകാര്യ ട്യൂഷൻ മേഖലയെ കൂടുതൽ സുതാര്യവും നിയന്ത്രിതവുമാക്കുന്നതിനായി വിപ്ലവകരമായ മാറ്റങ്ങളുമായി അധികൃതർ രംഗത്ത്. നിയമവിരുദ്ധമായ ട്യൂഷൻ പ്രവർത്തനങ്ങൾ തടയുന്നതിനും, അർഹരായവർക്ക് നിയമപരമായ മാർഗങ്ങളിലൂടെ ട്യൂഷൻ എടുക്കുന്നതിനും അവസരമൊരുക്കിക്കൊണ്ട് പുതിയ വർക്ക് പെർമിറ്റ് സംവിധാനത്തിന് യുഎഇ തുടക്കമിട്ടു. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച കർശനമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
നിലവിൽ പലരും രേഖാമൂലമുള്ള അനുമതികളില്ലാതെ സ്വകാര്യ ട്യൂഷനുകൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സർക്കാർ ഇത്തരമൊരു നീക്കത്തിലേക്ക് കടന്നത്. ട്യൂഷൻ മേഖലയെ കൂടുതൽ സുരക്ഷിതമാക്കുക, കുട്ടികൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പുവരുത്തുക, ഒപ്പം നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ പൂർണ്ണമായും ഒഴിവാക്കുക എന്നിവയാണ് ഈ പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
സ്കൂൾ അല്ലെങ്കിൽ സർവകലാശാലാ വിദ്യാർഥികൾ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ, സർക്കാർ അല്ലെങ്കിൽ അർധ-സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ, റജിസ്റ്റർ ചെയ്ത അധ്യാപകർ എന്നിങ്ങനെ നാല് വിഭാഗത്തിലുള്ളവർക്ക് ട്യൂഷൻ നൽകുന്നതിനായി പെർമിറ്റിന് അപേക്ഷിക്കാം. പെർമിറ്റ് ലഭിക്കുന്നതിനായി ഉദ്യോഗാർത്ഥികൾ ചില അടിസ്ഥാന രേഖകൾ ഹാജരാക്കേണ്ടതുണ്ട്. ഇത് ട്യൂഷൻ എടുക്കുന്നവരുടെ വിശ്വാസ്യതയും ഗുണനിലവാരവും ഉറപ്പുവരുത്താൻ സഹായിക്കും. അധ്യാപകർക്കും ജീവനക്കാർക്കും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആരോഗ്യ സർട്ടിഫിക്കറ്റ്, മികച്ച സ്വഭാവം തെളിയിക്കുന്ന ഗുഡ് കണ്ടക്റ്റ് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാണ്. സ്കൂൾ അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും അവരുടെ തൊഴിലുടമയിൽ നിന്ന് ഈ ട്യൂഷൻ പ്രവർത്തനങ്ങൾക്കായുള്ള നിരാക്ഷേപ പത്രം അഥവാ എൻഒസി ആവശ്യമാണ്.
15 മുതൽ 18 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് ട്യൂഷൻ നൽകണമെങ്കിൽ രക്ഷിതാക്കളുടെ സമ്മതപത്രം, താമസ രേഖ, ആരോഗ്യ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം. പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് പെർമിറ്റ് ലഭിക്കുക. മന്ത്രാലയത്തിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി വളരെ വേഗത്തിൽ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും. അപേക്ഷ സമർപ്പിച്ചാൽ രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ അധികൃതർ പരിശോധന നടത്തി നടപടികൾ പൂർത്തിയാക്കും. ഒരിക്കൽ ലഭിക്കുന്ന പെർമിറ്റിന് രണ്ട് വർഷത്തെ കാലാവധിയുണ്ടാകും.
ഈ പുതിയ നിയമം നടപ്പിലാക്കുന്നതോടെ യുഎഇയിലെ വിദ്യാഭ്യാസ സേവനങ്ങൾ കൂടുതൽ സുതാര്യമാവുകയും, യോഗ്യരായ അധ്യാപകർക്കും വിദ്യാർഥികൾക്കും തങ്ങളുടെ അറിവ് മറ്റുള്ളവർക്ക് പകർന്നുനൽകാൻ നിയമപരമായ ഒരു സുരക്ഷിത മാർഗം ഒരുങ്ങുകയും ചെയ്യും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t