
ഭാര്യയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ ദാമ്പത്യ ദ്രോഹം കോടതിയിൽ തെളിയിക്കപ്പെടുന്ന സാഹചര്യത്തിൽ, ഇദ്ദ കാലയളവിലെ ജീവനാംശവും വിവാഹമോചന നഷ്ടപരിഹാരവും നൽകുന്നതിൽ നിന്ന് ഭർത്താവിനെ ഒഴിവാക്കാമെന്ന് ദുബായിലെ പരമോന്നത കോടതിയായ കസേഷൻ കോടതി നിർണായക വിധി പ്രസ്താവിച്ചു. എന്നാൽ വിവാഹസമയത്ത് നിശ്ചയിച്ചിരുന്ന പിന്നീട് നൽകേണ്ട മഹ്ർ (Deferred Mahr) മുൻപ് നൽകിയിട്ടില്ലെങ്കിൽ അത് നൽകേണ്ട നിയമബാധ്യത ഭർത്താവിന് തുടരുമെന്നും കോടതി വ്യക്തമാക്കി. ഭാര്യ തനിക്കെതിരെ ഗുരുതരമായ ദാമ്പത്യ ദ്രോഹം കാണിച്ചെന്നും, തന്നെക്കും മൂന്ന് മക്കൾക്കും വേണ്ട പരിചരണം നൽകാതെ അവഗണിച്ചെന്നും ആരോപിച്ച് ഒരു ഭർത്താവ് നൽകിയ വിവാഹമോചന ഹർജിയിലാണ് കോടതി സുപ്രധാനമായ ഈ നിരീക്ഷണം നടത്തിയത്. ഭാര്യ അപമാനകരമായ സന്ദേശങ്ങൾ അയച്ചതായും, ഭർതൃഗൃഹത്തിലേക്ക് മടങ്ങാൻ കോടതി നൽകിയ നിർദേശം പാലിക്കാൻ വിസമ്മതിച്ചതായും ഭർത്താവ് കോടതിയെ അറിയിച്ചു. ദാമ്പത്യജീവിതം തുടരാനാകാത്ത സാഹചര്യമാണുണ്ടായതെന്നും അതിനാൽ വിവാഹമോചനം അനുവദിക്കണമെന്നും മഹ്ർ ഉൾപ്പെടെയുള്ള സാമ്പത്തിക ബാധ്യതകളിൽ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആദ്യം കേസ് പരിഗണിച്ച കീഴ്ക്കോടതി ഭർത്താവിന്റെ വാദങ്ങൾ അംഗീകരിച്ച് വിവാഹമോചനം അനുവദിച്ചു. ഇദ്ദ കാലയളവിലെ ജീവനാംശം, വിവാഹമോചന നഷ്ടപരിഹാരം, മഹ്ർ എന്നിവ നൽകുന്നതിൽ നിന്ന് ഭർത്താവിനെ ഒഴിവാക്കുകയും കേസിന്റെ ചെലവ് ഭാര്യ വഹിക്കണമെന്നും ഉത്തരവിട്ടു.
എന്നാൽ അപ്പീൽ കോടതി ഈ വിധിയിൽ ഭാഗികമായി മാറ്റം വരുത്തി. ജീവനാംശവും നഷ്ടപരിഹാരവും നൽകേണ്ടതില്ലെന്ന തീരുമാനം ശരിവെച്ചെങ്കിലും, വിവാഹസമയത്ത് നിശ്ചയിച്ചിരുന്ന മഹ്ർ നൽകേണ്ടത് ഭർത്താവിന്റെ നിയമപരമായ ബാധ്യതയാണെന്ന് വ്യക്തമാക്കി. ഈ വിധിക്കെതിരെ ഭാര്യ കസേഷൻ കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ കോടതിയുടെ നിലപാട് പരമോന്നത കോടതി ശരിവെക്കുകയായിരുന്നു.
വ്യക്തിനിയമങ്ങളിൽ പിന്നീട് ഭേദഗതികൾ വന്നാലും, കേസ് വിധിക്കുന്ന സമയത്തെ നിയമമല്ല, സംഭവം നടന്ന സമയത്ത് നിലവിലുണ്ടായിരുന്ന നിയമമാണ് ഇത്തരം കേസുകളിൽ ബാധകമാകുകയെന്ന് കോടതി വ്യക്തമാക്കി. ഈ കേസിലെ സംഭവങ്ങൾ പുതിയ നിയമഭേദഗതികൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നടന്നതിനാൽ പഴയ വ്യക്തിനിയമം പ്രയോഗിച്ചതിൽ കീഴ്ക്കോടതികൾക്ക് വീഴ്ചയില്ലെന്നും കോടതി വിലയിരുത്തി. ദാമ്പത്യ ദ്രോഹത്തിന്റെ അടിസ്ഥാനത്തിൽ വിവാഹമോചനം അനുവദിക്കണമെങ്കിൽ, ദാമ്പത്യജീവിതം തുടരാൻ കഴിയാത്തവിധം ഗുരുതരമായ സാഹചര്യങ്ങൾ തെളിയിക്കപ്പെടണം. ഈ കേസിൽ ഭാര്യ അയച്ച അപമാനകരമായ സന്ദേശങ്ങളും, ഭർതൃഗൃഹത്തിലേക്ക് മടങ്ങാൻ കോടതി നൽകിയ ഉത്തരവ് ലംഘിച്ചതും ദാമ്പത്യ ദ്രോഹത്തിന്റെ വ്യക്തമായ തെളിവുകളാണെന്നും കസേഷൻ കോടതി നിരീക്ഷിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t