
ദുബായ്: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സ്വർണ്ണത്തിൽ നിക്ഷേപം നടത്തിയവർക്ക് വൻ ലാഭമെന്ന് ജൂവലറികളുടെ സാക്ഷ്യം. മൂന്ന് വർഷം മുൻപ് നിക്ഷേപിച്ച തുകയുടെ മൂന്നിരട്ടി നേട്ടമാണ് നിക്ഷേപകർക്ക് ലഭിച്ചിരിക്കുന്നത്. ഷാർജയിൽ നടന്ന വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോയിൽ പങ്കെടുത്ത പ്രമുഖ ജൂവലറി ഉടമകളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്ന് വർഷം മുൻപ് ഏകദേശം 1,800 ഡോളറിന് ലഭിച്ചിരുന്ന ഒരു ഔൺസ് സ്വർണ്ണത്തിന് ഇന്ന് വില 4,500 ഡോളറായി ഉയർന്നിട്ടുണ്ട്. ഇത് നിക്ഷേപകർക്ക് മികച്ച നേട്ടമാണ് സമ്മാനിച്ചത്. പുതിയ തലമുറ സ്വർണ്ണത്തെ വെറുമൊരു ആഭരണമായി മാത്രമല്ല, തങ്ങളുടെ അധിക പണം സുരക്ഷിതമായി സൂക്ഷിക്കാനുള്ള മികച്ച മാർഗ്ഗമായാണ് കാണുന്നതെന്ന് ജൗഹര ജ്വല്ലറി സ്ഥാപകൻ മുഹമ്മദ് തംജിദ് അബ്ദുല്ല പറഞ്ഞു. സ്വർണ്ണവിലയിലെ വർദ്ധനവ് കാരണം, ആളുകൾ ഇപ്പോൾ വലിയ ആഭരണങ്ങൾക്ക് പകരം ഭാരം കുറഞ്ഞതും എന്നാൽ സ്റ്റൈലിഷുമായ ആഭരണങ്ങൾക്കാണ് കൂടുതൽ താൽപ്പര്യം കാണിക്കുന്നത്. നിലവിലെ വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ്ണവില ഇനിയും ഉയരുമെന്നാണ് വ്യാപാരികളുടെ പ്രവചനം. ദുബായ് പോലുള്ള വിപണികളിൽ സ്വർണ്ണത്തിലുള്ള വിശ്വാസം ഇന്നും ശക്തമാണെന്നും നിക്ഷേപകർ വളരെ ശ്രദ്ധയോടെയാണ് പുതിയ പർച്ചേസുകൾ നടത്തുന്നതെന്നും വ്യാപാരികൾ കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t