
ഷാർജ: കാൻസറിനോട് മല്ലിട്ട് ഒടുവിൽ വാടക നൽകാൻ വൈകിയെന്ന കാരണത്താൽ താമസസ്ഥലത്തുനിന്നും ക്രൂരമായി തെരുവിലേക്ക് ഇറക്കിവിടപ്പെട്ട മലയാളി നഴ്സിനും ഭർത്താവിനും രക്ഷകരായി സഹപ്രവർത്തകരുടെ കൂട്ടായ്മ. കോട്ടയം സ്വദേശിനിയായ നഴ്സ് ഷീബയ്ക്കും ഭർത്താവ് ഷിബുവിനുമാണ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘എമിറേറ്റ്സ് മലയാളി നഴ്സസ് കുടുംബ കൂട്ടായ്മ’ സാന്ത്വനവുമായി എത്തിയത്. മനോരമ ഓൺലൈൻ വാർത്തയിലൂടെ ഇവരുടെ ദുരവസ്ഥ പുറംലോകമറിഞ്ഞതിന് പിന്നാലെയാണ് നഴ്സിങ് കൂട്ടായ്മ ഉണർന്നുപ്രവർത്തിച്ചത്.
തലചായ്ക്കാൻ ഒരിടമില്ലാതെ രണ്ടുദിവസത്തോളം ഷാർജയിലെ തെരുവിൽ കഴിഞ്ഞ ദമ്പതികളെ കൂട്ടായ്മയുടെ പ്രവർത്തകർ ചേർത്തുപിടിക്കുകയും താൽക്കാലികമായി ഖിസൈസിലെ ഹോട്ടലിൽ താമസസൗകര്യം ഒരുക്കുകയും ചെയ്തു. ഇവർക്കാവശ്യമായ ഭക്ഷണം, വസ്ത്രം, അടിയന്തര മരുന്നുകൾ എന്നിവയും എത്തിച്ചു നൽകി.
ഖത്തറിൽ പത്തുവർഷത്തോളം നഴ്സായി ജോലി ചെയ്തിരുന്ന ഷീബ മൂന്ന് മാസം മുൻപാണ് യുഎഇയിൽ എത്തിയത്. മുൻപ് വന്ന രക്താർബുദത്തെ (Blood Cancer) പോരാടി തോൽപ്പിച്ച ഷീബയ്ക്ക് യുഎഇയിൽ എത്തിയതിന് പിന്നാലെ പാൻക്രിയാസിൽ (ആമാശയഗ്രന്ഥി) വീണ്ടും അർബുദം സ്ഥിരീകരിക്കുകയായിരുന്നു. ഇതിനിടെ ഭർത്താവ് ഷിബു മസ്തിഷ്കത്തിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായതോടെ കുടുംബം പൂർണ്ണമായും സാമ്പത്തിക പ്രതിസന്ധിയിലായി.
ഷാർജ അൽ നഹ്ദയിൽ പ്രതിമാസം 2,500 ദിർഹം വാടകയ്ക്കായിരുന്നു ഇവർ താമസിച്ചിരുന്നത്. എന്നാൽ രോഗം മൂർച്ഛിച്ചതോടെ കഴിഞ്ഞ മാസത്തെ വാടക നൽകാൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് ശ്രീലങ്കൻ സ്വദേശിയായ ഫ്ലാറ്റ് ഉടമ ഇവരുടെ പാസ്പോർട്ടുകൾ, അവശ്യവസ്തുക്കൾ, ജോലിക്ക് പോകേണ്ട യൂണിഫോം, മരുന്നുകൾ എന്നിവയെല്ലാം മുറിക്കുള്ളിലിട്ട് പൂട്ടി ഇവരെ തെരുവിലേക്ക് ഇറക്കിവിടുകയായിരുന്നു.
തങ്ങളുടെ വിലപ്പെട്ട രേഖകളും സാധനങ്ങളും തിരികെ ലഭിക്കുന്നതിനായി ദമ്പതികൾ ബുഹൈറ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സാധനങ്ങൾ തിരികെ കിട്ടാൻ പൊലീസിന്റെയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും അടിയന്തര ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. നാട്ടിൽ പഠിക്കുന്ന മൂന്ന് മക്കളുടെ ഭാവിയോർത്തുള്ള ആശങ്കയിലാണ് ഈ ദമ്പതികൾ ഇപ്പോൾ കഴിയുന്നത്.
വർഷങ്ങളായി യുഎഇയിൽ ജീവകാരുണ്യ രംഗത്ത് സജീവമായ എമിറേറ്റ്സ് മലയാളി നഴ്സസ് വാട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങളായ സിയാദ്, റിൻസി എന്നിവരുടെ നേതൃത്വത്തിലാണ് ദമ്പതികൾക്ക് പുതിയ താമസസ്ഥലമൊരുക്കിയത്. രാജീവ് എന്ന വ്യക്തിയും ഇവർക്ക് ആവശ്യമായ മരുന്നുകൾ എത്തിക്കാൻ സഹായിച്ചു. സ്വന്തം സഹപ്രവർത്തക ദുരിതത്തിലായപ്പോൾ നഴ്സിങ് സമൂഹം കാട്ടിയ ഈ കാരുണ്യം പ്രവാസലോകത്തിന് വലിയ മാതൃകയായി മാറിയിരിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t