ഫുജൈറയുടെ മുഖച്ഛായ മാറ്റാൻ ഇതിഹാദ് റെയിൽ; ആദ്യ പാസഞ്ചർ സ്റ്റേഷൻ സജ്ജം, ദുബായിലേക്ക് വെറും 69 മിനിറ്റ്

ദുബായ് / ഫുജൈറ: യുഎഇയുടെ യാത്രാമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഇതിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ സ്റ്റേഷൻ ഫുജൈറയിൽ പൂർത്തിയായി. ഫുജൈറയുടെ സാമ്പത്തിക, വിനോദസഞ്ചാര മേഖലകൾക്ക് വലിയ കുതിച്ചുചാട്ടം സമ്മാനിക്കുന്നതാണ് പുതിയ റെയിൽവേ സ്റ്റേഷനെന്ന് അധികൃതർ വ്യക്തമാക്കി. 2026-ൽ യാത്രക്കാർക്കായി സർവീസ് ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി മാധ്യമപ്രവർത്തകർക്കായി നടത്തിയ പ്രത്യേക യാത്രാവിശേഷങ്ങൾ പങ്കുവെച്ച ചടങ്ങിലാണ് ഫുജൈറ പാസഞ്ചർ സ്റ്റേഷൻ പൂർണ്ണ സജ്ജമായതായി ഇതിഹാദ് റെയിൽ അറിയിച്ചത്.

യാത്രാസമയം പകുതിയായി കുറയും

മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ഇതിഹാദ് പാസഞ്ചർ ട്രെയിനുകൾ എമിറേറ്റുകൾ തമ്മിലുള്ള യാത്രാസമയം പകുതിയോളമായി കുറയ്ക്കും. പുതിയ ട്രെയിൻ സർവീസ് യാഥാർത്ഥ്യമാകുന്നതോടെ ദുബായിൽ നിന്ന് ഫുജൈറയിലേക്ക് വെറും 1 മണിക്കൂറും 9 മിനിറ്റും (69 മിനിറ്റ്) അബുദാബിയിൽ നിന്ന് ഫുജൈറയിലേക്ക് 1 മണിക്കൂറും 45 മിനിറ്റും (105 മിനിറ്റ്) കൊണ്ട് എത്തിച്ചേരാനാകും. ദിനംപ്രതി ജോലിക്ക് പോകുന്നവർക്കും കുടുംബങ്ങൾക്കും ബിസിനസ്സ് യാത്രക്കാർക്കും ടൂറിസ്റ്റുകൾക്കും വലിയ ആശ്വാസമേകുന്നതായിരിക്കും ഈ അതിവേഗ ട്രെയിൻ സർവീസ്.

ഫുജൈറയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ ഉണർവ്

അൽ ഹിലാൽ സിറ്റിയിൽ തന്ത്രപ്രധാനമായ സ്ഥാനത്താണ് ഫുജൈറ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇവിടെനിന്ന് 12 മിനിറ്റ് യാത്ര മാത്രമാണുള്ളത്. ഫുജൈറ സിറ്റി സെന്റർ, ഷെയ്ഖ് സായിദ് മസ്ജിദ് എന്നിവടങ്ങളിലേക്ക് 8 മിനിറ്റും, പ്രശസ്തമായ അംബ്രല്ല ബീച്ച്, സകംകം കോട്ട തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളിലും ഇവിടെനിന്ന് എത്തിച്ചേരാനാകും. ഫുജൈറ പോർട്ട്, ഫ്രീ സോൺ എന്നിവയോട് ചേർന്നുകിടക്കുന്നതിനാൽ എമിറേറ്റിലെ വ്യാപാര-ലോജിസ്റ്റിക്സ് മേഖലകളിലും വലിയ മുന്നേറ്റമുണ്ടാകും.

ലക്ഷ്വറി യാത്രാ സൗകര്യങ്ങൾ

ഒരു ട്രെയിനിൽ ഒരേസമയം 400 യാത്രക്കാർക്ക് സഞ്ചരിക്കാനാകും. യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്കായി സൗജന്യ വൈഫൈ സൗകര്യം, ഓരോ സീറ്റിലും പവർ ഔട്ട്‌ലെറ്റുകൾ (ചാർജിംഗ് പോയിന്റുകൾ), ഫോൾഡ് ചെയ്യാവുന്ന ടേബിളുകൾ എന്നിവ ഇതിഹാദ് റെയിലിൽ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ വിശാലമായ ലെഗ്‌റൂമും വലിയ ലഗേജുകൾ സൂക്ഷിക്കാനുള്ള പ്രത്യേക ഇടവും ഭിന്നശേഷിക്കാർക്കായി വിപുലമായ പ്രത്യേക സൗകര്യങ്ങളും ട്രെയിനിൽ ലഭ്യമാണ്.

ടിക്കറ്റ് നിരക്കുകൾ നോൽ (Nol) കാർഡ് വഴി?

ടിക്കറ്റ് നിരക്കുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ആയിരിക്കും ടിക്കറ്റിംഗ് കൈകാര്യം ചെയ്യുക. ദുബായ് മെട്രോയ്ക്ക് സമാനമായി നോൽ (Nol) കാർഡ് ഉപയോഗിച്ച് ‘ടാപ്പ് ഇൻ, ടാപ്പ് ഔട്ട്’ ചെയ്യാനുള്ള സൗകര്യം ഇതിഹാദ് റെയിലിലും ലഭ്യമാകുമെന്നാണ് സൂചനകൾ. ഇതിന് പുറമെ ഡിജിറ്റൽ കിയോസ്കുകൾ വഴിയും ടിക്കറ്റുകൾ ലഭ്യമാകും.

ആദ്യ ഘട്ടത്തിൽ ഫുജൈറയ്ക്ക് പുറമെ അബുദാബിയിലെ മദീനത്ത് സായിദ്, ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് എന്നീ സ്റ്റേഷനുകളാണ് സർവീസിനായി തുറന്നുനൽകുക. ദുബായിലെയും അബുദാബിയിലെയും സ്റ്റേഷനുകളുടെ അവസാനവട്ട മിനുക്കുപണികൾ അതിവേഗം പുരോഗമിക്കുകയാണ്. യുഎഇയിലെ 11 പ്രധാന നഗരങ്ങളെയും മേഖലകളെയും ബന്ധിപ്പിച്ചുകൊണ്ട് പ്രതിവർഷം 3.6 കോടിയിലധികം യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഇതിഹാദ് റെയിൽ പാസഞ്ചർ സർവീസ് ഒരുങ്ങുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy