പട നയിച്ചവൻ ഇനി നാടുഭരിക്കും; സസ്‌പെൻസിന് വിരാമം; വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി

ദിവസങ്ങളായി നീണ്ടുനിന്ന ചർച്ചകൾക്കും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ദില്ലിയിൽ എഐസിസി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്.
കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ നിർണായക വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനത്തെ ചുറ്റിപ്പറ്റി ശക്തമായ ചർച്ചകളും നേതൃപരമായ അനിശ്ചിതത്വങ്ങളും നിലനിന്നിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതുമുതൽ ‘ആരാണ് മുഖ്യമന്ത്രി?’ എന്ന ചോദ്യമാണ് സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ചർച്ചയായി മാറിയത്. 11 ദിവസത്തോളം നീണ്ട കൂടിയാലോചനകൾക്കും നേതൃനിരയിലെ ചർച്ചകൾക്കുമൊടുവിലാണ് ഹൈക്കമാൻഡ് വി.ഡി. സതീശന്റെ പേരിൽ അന്തിമ തീരുമാനം കൈക്കൊണ്ടത്.

അവസാനഘട്ടത്തിൽ കെ.സി. വേണുഗോപാലിന്റെയും രമേശ് ചെന്നിത്തലയുടെയും പേരുകൾ സജീവ ചർച്ചകളിലുണ്ടായിരുന്നെങ്കിലും, തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുഖമായി പ്രവർത്തിച്ചതും എൽഡിഎഫിനെതിരെ ശക്തമായ പ്രചാരണം നയിച്ചതുമാണ് സതീശന് അനുകൂലമായ പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരം ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. അതേസമയം, പുതിയ മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മുസ്ലിം ലീഗിന് പ്രധാന വകുപ്പുകൾ ലഭിക്കാനിടയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy